പന്ത്രണ്ടാം നൂറ്റാണ്ടിലെഴുതിയ തെക്കുംകൂര്‍ രാജാവിന്റെ ചെപ്പേടിലും മണിപ്രവാള കൃതിയായ ഉണ്ണുനീലിസ ന്ദേശത്തിലും പരാമര്‍ശിക്കപ്പെടുന്ന സ്ഥലമാണ് കോട്ടയം ജില്ലയിലെ മണികണ്ഠപുരം. വാകത്താനം പഞ്ചായത്തില്‍പ്പെട്ട ഈ സ്ഥലം തെക്കുംകൂര്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു കേന്ദ്ര ബിന്ദു. ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ശ്രീവിലാസ് വീട്ടില്‍ റയില്‍വേ ഉദ്യോഗസ്ഥനായ രാമന്‍ നായരുടേയും ശോഭനയുടേയും രണ്ടാമത്തെ മകനായി വിദ്യാരാജ് പിറന്നു. പഠനത്തില്‍ അതിസമര്‍ത്ഥന്‍. ലക്നോവില്‍ പ്രാഥമിക വിദ്യാഭ്യാസം. കുട്ടിക്കാലം മുതല്‍ ഹിന്ദിയിലും ഉറുദുവിലും കവിതകള്‍ രചിക്കും. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ പഠനം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മികച്ച വിജയം. കേരളസര്‍വകലാശാലയില്‍നിന്ന് രണ്ടാം റാങ്കോടെ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. പഠനകാലത്ത് വിദ്യാര്‍ത്ഥി സംഘടനാരംഗത്ത് സജീവം. ബഹുരാഷ്‌ട്ര കമ്പനിയില്‍ ഉന്നത ജോലി. എഞ്ചിനീയറിങ് കോളജില്‍ അധ്യാപകന്‍…. ആര്‍ക്കും അഭിമാനിക്കാവുന്ന ജീവിത രേഖ.
പക്ഷേ അമ്മ ശോഭനയ്‌ക്ക് മകനെ ഓര്‍ത്ത് വല്ലാത്ത ആധി. ആതുരദാസ് സ്വാമിയുടെ കുടുംബക്കാരിയായ അവര്‍ക്ക് മകന്‍ സന്യാസിയാകുമോ എന്ന ഉള്‍ഭയം. വായിക്കുന്ന പുസ്തകങ്ങള്‍ ഏറെയും ആത്മീയതയുമായി ബന്ധപ്പെട്ടവ. പറയുന്ന കാര്യങ്ങളില്‍ തത്വശാസ്ത്രത്തിന്റെ അംശങ്ങള്‍. ശാന്തമായ രീതിയും സൗമ്യമായ പെരുമാറ്റവും.
വാടാത്ത തൊട്ടാവാടി
വിദ്യാരാജും സുഹൃത്തായ ദീപകും വയനാട്ടില്‍ പ്രകൃതിഭംഗി ആസ്വദിക്കാനിറങ്ങിയതാണ്. അതിരാവിലെ ഇടതൂര്‍ന്ന് പൂത്തുനില്‍ക്കുന്ന തൊട്ടാവാടി ചെടികള്‍ കണ്ടപ്പോള്‍ ദീപകിന് കൗതുകം. ചെറിയൊരു വടിയെടുത്ത് ചെറുതായി തൊട്ടപ്പോള്‍ ചെടികള്‍ ഒന്നൊന്നായി കൂമ്പിപ്പോയി. ഞാന്‍ തൊട്ടാല്‍ വാടാത്തത് കാണണോ എന്ന് ചോദിച്ചുകൊണ്ട് വിദ്യാരാജ് ഒരു നിമിഷം ധ്യാനിച്ചു. തൊട്ടപ്പോള്‍ ചെടികള്‍ വാടുന്നില്ല. ”നമ്മുടെ മനസ്സിനെ ചെടി പേടിയോടെ കാണുന്നതുകൊണ്ടാണ് തൊടുമ്പോള്‍ വാടുന്നത്. മനസ്സ് നിശ്ചലമാക്കിയിട്ട് തൊട്ടതിനാല്‍ ചെടി വാടിയില്ല” എന്ന വിശദീകരണം ദീപകിന് ബോധ്യപ്പെട്ടോ എന്നറിയില്ല, കൂട്ടുകാരന്‍ തൊട്ടപ്പോള്‍ തൊട്ടാവാടി വാടിയില്ല എന്ന സത്യം മാത്രം മുന്നില്‍.
യോഗികളുടെ സമാധിസ്ഥലം കാണാനായി ചെന്നൈയില്‍ എത്തിയ വിദ്യാരാജ്, ഇന്റര്‍നെറ്റില്‍ പരതുന്നതിനിടയില്‍ 723 വര്‍ഷം ജീവിച്ചിരുന്ന പ്രഭാകര സിദ്ധയോഗി എന്ന ജ്ഞാനയോഗിയുടെ സമാധി സ്ഥലത്തെക്കുറിച്ചുള്ള വിവരണം കണ്ടു. പത്തനംതിട്ടയില്‍ താന്‍ പഠിച്ച കോളജിനടുത്ത് സ്ഥിതി ചെയ്തിട്ടും എന്തുകൊണ്ട് അവിടെ പോയില്ല എന്നാലോചിച്ചപ്പോള്‍ ചെറിയ വിഷമം. പിന്നീട് ആറുമാസത്തോളം പ്രഭാകര സിദ്ധയോഗിയെക്കുറിച്ചുള്ള പഠനമായിരുന്നു. സിദ്ധയോഗി കൂടുതലും കാണപ്പെട്ടിരുന്ന സ്ഥലങ്ങള്‍, അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ തുടങ്ങി കിട്ടാവുന്നത്ര വിവരം ശേഖരിച്ചു. വിദ്യാരാജിന്റെ രണ്ടു ദശാബ്ദകാലത്തെ അദ്ധ്യാത്മിക സാക്ഷാത്കാര യാത്രയുടെ അവസാന ഘട്ടമായിരുന്നു അത്. പ്രഭാകര സിദ്ധയോഗിയുടെ ചൈതന്യം എപ്പോഴും തനിക്കൊപ്പം ഉള്ളതായി അനുഭവിച്ചറിയുന്ന വിദ്യാരാജ് പരമസത്യമായ ജ്ഞാനയോഗത്തിന്റെ മൂര്‍ത്തിമദ്ഭാവത്തിലാണ്. ക്രിയായോഗ, പ്രാണായാമം, സിദ്ധവിദ്യ, യോഗധ്യാനം. സൂഫിസം…. എല്ലാം പഠിച്ചും അനുഭവിച്ചും അറിഞ്ഞ വിദ്യാരാജ് തന്റെ പേരും മാറി-കാന്‍ഷി.
കാന്‍, ഷി എന്നീ രണ്ടു ജപ്പാനീസ് പദങ്ങളില്‍ നിന്നാണ് ഈ പേര്. രാജാവ്, മരണം എന്നാണ് വാക്കുകളുടെ അര്‍ത്ഥം. മനസ്സിന്റെ മരണം സംഭവിച്ചാല്‍ രാജാവിനെപ്പോലെ ജീവിക്കാം എന്നു ഭാഷ്യം. എന്താണ് യോഗ എന്നതിന് പതഞ്ജലി മഹര്‍ഷി നല്‍കിയ നിര്‍വ്വചനം ‘യോഗ ചിത്തവൃത്തി നിരോധഃ’ എന്നാണ്. ചിത്തവൃത്തി അഥവാ മനസ്സിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കലാണ് യോഗ. യോഗാസനങ്ങളും പ്രാണായാമവും ധ്യാനവുമെല്ലാം ചിത്തവൃത്തി നിരോധനം എന്ന ലക്ഷ്യത്തിലേക്കുള്ള വഴികള്‍.
ആത്മാവിഷ്‌കാരത്തിന്റെ പുതുവെളിച്ചം ജനസഹസ്രങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ കാന്‍ഷി. ആത്മീയതയും അടിസ്ഥാന യോഗശാസ്ത്രവും വ്യക്തതയോടെയും ലാളിത്യത്തോടെയും പകര്‍ന്നു നല്‍കാന്‍ ഹൈദരാബാദില്‍ ആരംഭിച്ച സര്‍വജ്ഞാന മഠം പുതുതലമുറ സത്യാന്വേഷികള്‍ക്ക് ആശ്രയസ്ഥാനമാണ്. യോഗയുടേയും ധ്യാനത്തിന്റേയും പരമമായ സത്ത എന്താണെന്ന് വളരെ ഉദാത്തമായും ശാസ്ത്രീയമായും പകര്‍ന്നു നല്‍കുന്നു. പുരാതനമായ ധ്യാനരീതികളും നിഗൂഢമായ വഴികളും പുനരാവിഷ്‌ക്കരിക്കുന്നതിലൂടെ ആധുനിക ലോകത്തെ പുതിയ ജീവിത രീതിയിലേക്ക് നയിക്കുന്നു കാന്‍ഷി.
പരമഹംസനെ അറിയുന്നു
ഏഴു വയസ്സുള്ളപ്പോള്‍ മനസ്സിലുണ്ടായ ചോദ്യവും ഭയവുമാണ് തന്നെ ആത്മസാക്ഷാത്കാര യാത്രയുടെ വഴിയിലെത്തിച്ചതെന്നാണ് കാന്‍ഷി പറയുന്നത്. പെട്ടെന്നൊരു ദിവസം മരിച്ചാല്‍ ‘ഞാന്‍’ എവിടെ പോകുമെന്നതായിരുന്നു ചോദ്യം. മനസ്സില്‍ പലതവണ ഉയര്‍ന്നിട്ടും ആരോടും ഉത്തരം തേടിയില്ല. ചോദിച്ചിരുന്നെങ്കില്‍ ഏതെങ്കിലും ഉത്തരം കിട്ടിയേനെ. സംശയം അവിടെ തീരും. അതുണ്ടായില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരന്റെ വിട്ടില്‍നിന്നു കിട്ടിയ ‘ഒരു യോഗിയുടെ ആത്മകഥ’ എന്ന പുസ്തകം വായിച്ചത് വഴിത്തിരിവായി.
ക്രിയായോഗയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ലോകത്തിന് മനസ്സിലാക്കിക്കൊടുത്ത ഋഷിവര്യനും യോഗിയുമായിരുന്ന പരമഹംസ യോഗാനന്ദന്റെ കഥ. ക്രിയായോഗ എന്ന യോഗമാര്‍ഗ്ഗത്തെക്കുറിച്ചുള്ള പുസ്തകം തന്റെ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതായി തോന്നി. ക്രിയായോഗ ആധികാരികമായി ഗുരുമുഖത്തുനിന്നുതന്നെ പഠിക്കണം എന്ന തൃഷ്ണ ഉണര്‍ന്നു. പഠനത്തില്‍ മികവ് പുലര്‍ത്തി പടിപടിയായി മുന്നേറുമ്പോഴും ധ്യാനവും ആധ്യാത്മിക വായനയും ഒപ്പം കൊണ്ടുപോയി. പ്രീഡിഗ്രിയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചു. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ പ്രവേശനം കിട്ടി. ഫാഷന്‍ ലോകത്തേക്കുള്ള യാത്രക്കിടയിലും കാന്‍ഷിയുടെ പ്രധാനലക്ഷ്യം ജീവിതത്തിന്റെ പരമമായ സത്യം മനസ്സിലാക്കുക എന്നതു തന്നെയായിരുന്നു. ഫാഷന്‍ പഠനം ഇടയ്‌ക്ക് നിര്‍ത്തി കേരളത്തില്‍ തിരിച്ചെത്തി എഞ്ചിനീയറിങ്ങിനു ചേര്‍ന്നു. കോളജില്‍ സജീവ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനം. കോളജ് യൂണിയന്‍ ചെയര്‍മാനുമായി. ബഹുരാഷ്‌ട്ര കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി കാമ്പസ് സെലക്ഷനും ലഭിച്ചു. റാങ്കോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. കുറച്ചുനാള്‍ തൃശ്ശൂരിലെ എഞ്ചിനീയറിങ് കോളജില്‍ അധ്യാപകനായും ജോലി ചെയ്തു.
പഠന കാലത്തും കര്‍മ്മ മേഖലയില്‍ നില്‍ക്കുമ്പോഴും വിവിധതരം യോഗമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഉള്ളില്‍. അതിലേക്കുള്ള പ്രയാണം എന്നോണം ക്രിയാ യോഗയെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. യോഗമാര്‍ഗ്ഗങ്ങളെക്കുറിച്ച് ഗഹനമായി പഠിച്ചു. ഗ്രന്ഥവായനയിലൂടെ അല്ലാതെ ഗുരുമുഖത്തുനിന്ന് നേരിട്ട് യോഗവിദ്യ അറിയണം എന്ന കാന്‍ഷിയുടെ ആഗ്രഹം സഫലമായത് കല്‍ക്കത്തയിലെ ഹൗറയിലെ സ്‌കൂള്‍ അധ്യാപകന്റെ അടുത്തെത്തിയതോടെയാണ്. ക്രിയായോഗയിലൂടെ പ്രശസ്തനായ ലാഹരി മഹാശയ ഗുരുവിന്റെ ശിഷ്യ പരമ്പരയില്‍പ്പെട്ടയാള്‍. ഗുരുവില്‍ നിന്ന് ക്രിയായോഗയുടെ അടിസ്ഥാനമായ പ്രാണായാമം പരിശീലിക്കാനുള്ള ദീക്ഷ സ്വീകരിച്ചു. പിന്നീട് ക്രിയായോഗയുടെ അഭ്യാസം. ദിവസം അഞ്ചുമണിക്കൂര്‍ വരെ ക്രിയായോഗാഭ്യാസത്തിനായി നീക്കിവെച്ചു. ഉയര്‍ന്ന ക്രിയകളിലേക്ക് നീങ്ങിയപ്പോള്‍ പ്രാണന്റെ തുടിപ്പ് പല രീതികളില്‍ കാന്‍ഷിക്ക് അനുഭവപ്പെട്ടു. പ്രകൃതിയുടെ പലഭാവത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനും തിരിച്ചറിയാനും കഴിഞ്ഞു. പ്രകൃതിയുമായി ഇഴുകിചേര്‍ന്നു നില്‍ക്കുന്ന അവസ്ഥയിലെത്തി.
ജ്ഞാനഗുരുവിനെ കണ്ടുമുട്ടുന്നു
ഒരു ദിവസം രാവിലെ തിരുവണ്ണാമലൈ, രമണ മഹര്‍ഷി എന്നീ ശബ്ദങ്ങള്‍ ബോധതലത്തില്‍നിന്നും തന്നെ വിളിച്ചുണര്‍ത്തുന്നതായി കാന്‍ഷിക്ക് അനുഭവപ്പെട്ടു. തിരുവണ്ണാമലൈ എന്ന സ്ഥലത്തെക്കുറിച്ചും രമണമഹര്‍ഷി എന്ന യോഗിയെക്കുറിച്ചുമുളള ആഴത്തിലുള്ള അന്വേഷണം തുടങ്ങി. തിരുവണ്ണാമലൈയില്‍ എത്തി. രമണ മഹര്‍ഷി ധ്യാനിച്ചിരുന്ന ഇടങ്ങളിലൊക്കെ ധ്യാനനിരതനായി ഇരുന്നു. ഹൈന്ദവ തത്വചിന്തകളില്‍ പ്രതിപാദിച്ചിട്ടുള്ള പ്രമാണയോഗ്യമായ, മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗമായ ജ്ഞാനയോഗ നന്നായി അഭ്യസിക്കുന്നതിന് ഗുരുവിനെ നേടിയുള്ള യാത്രയായിരുന്നു പിന്നീട്. ആന്ധ്രയിലുള്ള ഒരു ഗൃഹസ്ഥനിലാണ് യാത്ര അവസാനിച്ചത്. അദ്ദേഹത്തെ ജ്ഞാനഗുരുവായി സ്വീകരിച്ചു. ഗുരു മുഖത്തുനിന്ന് ജ്ഞാനമാര്‍ഗ്ഗത്തിന്റെ ശ്രേഷ്ഠത അനുഭവിച്ചറിഞ്ഞു. അതുവരെയുണ്ടായിരുന്ന സംശയങ്ങള്‍ക്ക് ഗുരുവില്‍നിന്ന് നിവാരണം കിട്ടി. പിന്നീട് തുടര്‍ച്ചയായ യാത്രകളായിരുന്നു. വ്യത്യസ്തരായ നല്‍പതോളം ഗുരുക്കന്മാരെ സന്ദര്‍ശിച്ച് അവരുമായി സംവദിച്ചു. ധാരാളം അവധൂതന്മാരെ കണ്ടുമുട്ടി.
ഫത്തേഹ്ഗറിലുള്ള സൂഫി സന്യാസിയില്‍നിന്ന് സൂഫിസത്തിന്റെ സത്തയും തിരുച്ചന്തൂരിലെ ബുദ്ധസന്യാസിയില്‍നിന്ന് ബുദ്ധന്റെ ആപ്തവാക്യങ്ങളുടെ ശരിയായ അര്‍ത്ഥവും ഗ്രഹിച്ചു. നക്ഷബന്ധി രീതിയിലുള്ള സൂഫി മാര്‍ഗ്ഗം ഗഹനമായി പഠിച്ചു, പരിശീലിച്ചു. സിദ്ധവിദ്യയിലേക്കാണ് ശ്രദ്ധ പിന്നീടുപോയത്. ശിവാനന്ദ പരമഹംസര്‍ എന്ന ഗുരു സ്ഥാപിച്ച കേരളത്തിലേയും തമിഴ്നാട്ടിലേയും സിദ്ധാശ്രമങ്ങളിലേക്കുള്ള തീര്‍ത്ഥാടനം. വടകര ആശ്രമത്തില്‍ വെച്ച് സിദ്ധവിദ്യയില്‍ ദീക്ഷ നേടി. ആത്മസാക്ഷാത്ക്കാര യാത്ര പ്രഭാകര സിദ്ധയോഗിയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍.
തനിക്കു കിട്ടിയ അറിവും ആത്മാനുഭൂതിയും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ വ്യാപൃതനാണ് ഗൃഹസ്ഥാശ്രമിയായ ഈ ജ്ഞാനയോഗി. ഐടി പ്രൊഫഷണലായ ഭാര്യ ശാന്തിയും വിദ്യാര്‍ത്ഥിനി മകള്‍ സുരഭിയും നല്‍കുന്ന പിന്തുണയും സുഹൃത്തുക്കളുടെ സഹായവുമാണ് ബലം. സര്‍വജ്ഞ മഠത്തിന്റെ കീഴില്‍ കാക്കിനടയില്‍ സ്ഥാപിച്ച ‘ജ്ഞാനാഗ്രാം ധ്യാനകേന്ദ്രം’ മോക്ഷ മാര്‍ഗ്ഗം തേടുന്ന സത്യാന്വേഷികള്‍ക്ക് വഴിവിളക്കായി മാറുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: