ഭോപ്പാല്‍: ഹിന്ദു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാർത്ഥിനികളോട് ഹിജാബ് ധരിക്കാന്‍ മധ്യപ്രദേശിലെ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായി പരാതി ലഭിച്ചെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ദാമോഹ് ജില്ലയിലെ സ്വകാര്യ സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ദാമോഹിലെ ഗംഗാ ജമുന ഹയര്‍ സെക്കന്‍ററി സ്‌കൂളിന്റെ പോസ്റ്ററില്‍ ഹിന്ദുപെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ ഹിജാബ് പോലുള്ള ശിരോവസ്ത്രം ധരിച്ച് കാണപ്പെട്ടിരുന്നു. ഇതോടെയാണ് സ്‌കൂളിനെതിരെ പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തിയത്.
സംഭവം വിവാദമായതോടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.വിഷയത്തില്‍ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും പ്രതികരിച്ചു. ”ഈ സംഭവത്തിന്‍മേല്‍ അന്വേഷണം നടത്താന്‍ പോലീസ് സൂപ്രണ്ടിന് അന്വേഷണ ചുമതല നല്‍കിയിട്ടുണ്ട്’ നരോത്തം മിശ്ര പറഞ്ഞു. ശിരോവസ്ത്രം അടങ്ങിയ യൂണിഫോമാണ് സ്‌കൂളിലുള്ളതെന്നും അത് ധരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാറില്ലെന്നുമാണ് സ്‌കൂളിന്റെ ഉടമസ്ഥനായ മുഷ്താക് ഖാന്റെ പ്രതികരണം.
എന്നാല്‍ സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദുസംഘടനകള്‍ രംഗത്തെത്തി. ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നില്‍ ഇവര്‍ പ്രതിഷേധസമരവും സംഘടിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം. സ്‌കൂളിന്റെ അംഗീകാരം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു. സ്‌കൂളിനെതിരെ തങ്ങള്‍ക്കും പരാതി ലഭിച്ചിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനുംഗോ പറഞ്ഞു. യൂണിഫോമിന്റെ പേരില്‍ ഹിന്ദു-അമുസ്ലിം പെണ്‍കുട്ടികളോട് ഹിജാബ് ധരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുവെന്നാണ് പരാതിയില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: