കോട്ടയം: മെഡിക്കല്‍ കോളെജ് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയ കേസില്‍ ബിലീവേഴ്സ് സഭാധ്യക്ഷൻ കെ പി യോഹന്നാന്റെ സഹോദരനും പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.പി.പൂന്നൂസ് അറസ്റ്റിൽ. പണം നഷ്ടപ്പെട്ടവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നിരണം പഞ്ചായത്ത് പ്രസിഡന്‍റായ പുന്നൂസിനെ കോട്ടയം ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് പരാതിക്കാരന്‍. സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസിന് സീറ്റ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ നവംബർ 15ന് പുന്നൂസ് ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് തവണകളായി പരാതിക്കാരൻ പണം കൈമാറിയെന്ന് പരാതിയിൽ പറയുന്നു. എന്നാൽ എംബിബിഎസ് സീറ്റു നല്‍കിയില്ല. പണവും തിരിച്ചുകൊടുത്തില്ല. തുടർന്നായിരുന്നു ഇയാൾ പരാതി നൽകിയത്. ഈ പരാതിയുടെ പേരിലാണ് പൊലീസ് പുന്നൂസിനെ അറസ്റ്റ് ചെയ്തത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജായ ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലിന്റെ ട്രസ്റ്റ് അംഗം കൂടിയാണ് കെ പി പുന്നൂസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസ്യതയോടെ പണം നല്‍കിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച കെ.പി. പുന്നൂസ് പിന്നീട് പഞ്ചായത്ത് പ്രസിഡന്‍റ് ആയി. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ പരാതി ഉള്ളതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: