തിരുവനന്തപുരം : ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അഞ്ച് മാസത്തോളമായി ഗ്രീഷ്മ ആട്ടക്കുളങ്ങര ജയിലിലാണ്. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഇതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തതോടെ കോടതി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിദ്യാധരനാണ് ഹര്‍ജി പരിഗണിച്ചത്.
കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കും. ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതാണ്. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തില്‍ വിട്ടാല്‍ അപകടമാണെന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദവും അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
ഗ്രീഷ്മയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഷാരോണിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ കാലയളവില്‍ പ്രതിക്ക് ജാമ്യാപേക്ഷ നല്‍കാമെന്ന കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മ ജാമ്യപേക്ഷ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയുമായിരുന്നു. മരണമൊഴിയില്‍ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ഇതോടെ സാധാരണ മരണമാണെന്നായിരുന്നു പാറശ്ശാല പോലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണം ആവശ്യപ്പെട്ട് ഷാരോണിന്റെ വീട്ടുകാര്‍ രംഗത്ത് എത്തിയതോടെ വിശദമായ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ നീക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. കൊലപാതകത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ അമ്മ സിന്ധുവും അമ്മാവന് നിര്‍മ്മല്‍ കുമാരന് നായരും സഹായിച്ചെന്നും പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: