കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന് ബെഞ്ച് അനുവദിച്ചില്ല. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ നയപരമാണെന്നും സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങുന്ന ഡിവിഷന് ബെഞ്ച് കഴിഞ്ഞ മാസങ്ങളില്‍ വിരമിച്ച ഹൈക്കോടതി ജീവനക്കാര്‍ നല്കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.
പെന്ഷന് പ്രായം ഉയര്‍ത്തുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ നല്കിയ ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണന്നും അതില്‍ എത്രയും വേഗം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കഴിവ് ഏക മാനദണ്ഡമായി നിശ്ചയിച്ച് ജഡ്ജിമാരുടെ ഉപസമിതി തയാറാക്കിയ 56 വയസിന് ശേഷം തുടരാനുള്ള ജീവനക്കാരുടെ പട്ടിക സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തി ഉത്തരവില്‍ ഡിവിഷന് ബെഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണ് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം നിര്‍ണയിക്കുന്നത്. നിയമം ഭേദഗതി ചെയ്ത് വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശമായി മാത്രമേ ചീഫ് ജസ്റ്റീസിന്റെ ശിപാര്‍ശയെ കണക്കാക്കാനാകൂ. നിയമം ഭേദഗതി ചെയ്യണമെന്ന രീതിയില്‍ ഉത്തരവുകള്‍ നല്കാന് കോടതിക്കാവില്ലെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. 56 വയസിന് ശേഷവും സര്‍വീസില്‍ തുടരാന്‍ അനുവദിക്കണമെന്നായിരുന്നു വിരമിച്ച ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലെ ആവശ്യം.
ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടിയാല്‍ തങ്ങളുടെ അവസരം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി അസിസ്റ്റന്റ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം സ്വദേശി എസ്. മുഹമ്മദ് ഷായടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ ആവശ്യത്തെ എതിര്‍ത്ത് ഹര്‍ജി നല്‍കിയിരുന്നു. ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശ പ്രകാരം ജീവനക്കാരുടെ പെന്ഷന് പ്രായം 56ല്‍ നിന്ന് 58 ആക്കണമെന്ന ശിപാര്‍ശ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ജീവനക്കാര്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: