കണ്ണൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് ഉടന്‍. പോലീസിന്റെ കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി തന്നെയാണ് ട്രെയ്നിനു തീയിട്ടതെന്ന് തെളിഞ്ഞു. സ്റ്റേഷനു സമീപം അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇയാള്‍ ഭിക്ഷ എടുത്താണ് കഴിഞ്ഞിരുന്നത്. എന്നാല്‍, റെയ്ല്‍വേ സ്റ്റേഷനില്‍ ഭിക്ഷ എടുക്കുന്നത് സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. മാത്രമല്ല, ഇയാള്‍ തീവച്ച ദിവസം തന്നെ ഇയാളെ സ്റ്റേഷനില്‍ നിന്ന് പോലീസുകാര്‍ ഓടിച്ചിരുന്നു. ഇതിനുള്ള വിരോധം മൂലമാണ് തീവച്ചതെന്നാണ് പ്രതിയുടെ മൊഴി. തീ കത്തിക്കാന്‍ ഇന്ധനം ഉപയോഗിച്ചിട്ടില്ല. സീറ്റ് കുത്തിക്കീറി തീ കൊളുത്തുകയായിരുന്നു. അറസ്റ്റ് വിവരങ്ങള്‍ അറിയിക്കാന്‍ 3.30ന് ഉത്തരമേഖല ഐജി മാധ്യമങ്ങളെ കാണും.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീപ്പിടിത്തമുണ്ടായത്. ട്രെയിനിന്റെ പിറകിലുള്ള ജനറല്‍കോച്ചിലാണ് തീ ആളിപ്പടര്‍ന്നത്. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുകോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. തീപ്പിടിത്തമുണ്ടായ യാര്‍ഡില്‍നിന്ന് മീറ്ററുകള്‍ക്ക് അകലെയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന സംഭരണ ശാലയുള്ളത്. ഇവിടെനിന്നുള്ള സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: