Categories: India

ഭാരതം നമ്മുടെ മാതൃഭൂമിയാണെന്ന ബോധ്യം എല്ലാവരിലും വേണം; ചിലര്‍ ഇന്ത്യയുടെ പ്രതിച്ഛായ താഴ്‌ത്തിക്കെട്ടാന്‍ ശ്രമിക്കുന്നതായി മോഹന്‍ ഭാഗവത്

Published by

നാഗപൂര്‍ : ഭാരതം നമ്മുടെ മാതൃഭൂമിയാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടാകേണ്ടതാണ്. അക്കാര്യം മറന്നുകൊണ് പ്രവര്‍ത്തിക്കരുത്. രാജ്യത്തിനെതിരെ അശാസ്ത്രീയമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത്. സാധാരണക്കാര്‍ ഇവയെല്ലാം സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ ത്രിതീയവര്‍ഷ സംഘശിഷാ വര്‍ഗത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

രാജ്യത്തിനെതിരെ പരാമര്‍ശം നടത്തുന്നവര്‍ ഇന്ത്യയുടെ പ്രതിച്ഛായ താഴ്‌ത്തിക്കെട്ടാന്‍ ആഗ്രഹിക്കുന്നു. അത്തരത്തിലൊരു അവസരം നമ്മളായി നല്‍കരുത്. നമ്മുടെ അതിര്‍ത്തികളില്‍ ശത്രുക്കള്‍ കാത്തിരിക്കുമ്പോള്‍ രാജ്യത്ത് നാം പരസ്പരം പോരടിക്കുന്നത് ശരിയല്ല. നാമൊന്നാണെന്ന ബോധ്യമാണ് എല്ലാവരിലും ഉണ്ടാകേണ്ടത്.  

ഭരണകൂടവുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. ഭരണത്തിനായി രാഷ്‌ട്രീയമായ പ്രതികരണങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല. അതിലും ഒരു മാന്യത പുലര്‍ത്തേണ്ടതുണ്ട്. നാം എല്ലാവരും ഒന്നാണെന്ന ബോധ്യമുണ്ടാകണം. രാജ്യത്തിന്റെ സ്വാഭിമാനത്തെ ബാധിക്കുന്ന വിധത്തിലുള്ള രാഷ്‌ട്രീയ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല.  

രാജ്യത്തിന്റെ പ്രതിച്ഛായ താഴ്‌ത്തിക്കെട്ടാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. ദുരാഗ്രഹവും സ്വാര്‍ത്ഥ താത്പ്പര്യങ്ങളുമാണ് ഇതിനു പിന്നില്‍. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇതെല്ലാം മനസ്സിലാകുന്നുണ്ട്. ഇന്ത്യയില്‍ എല്ലാവരുടേയും വിശ്വാസങ്ങള്‍ സുരക്ഷിതമാണ്. എന്നാല്‍ ഇന്ത്യയ്‌ക്ക് പുറത്ത് ഇതല്ല സ്ഥിതി. ആ യാഥാര്‍ത്ഥ്യം എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്.  

ബാഹ്യശക്തികള്‍ രാജ്യം വിട്ടു പോയിക്കഴിഞ്ഞു. ഇന്ത്യക്കാര്‍ തന്നെയാണ് ഇവിടെയുള്ളത്. ചിലരുടെ പെരുമാറ്റത്തില്‍ ആ ബോധം ഇല്ലെങ്കില്‍ അവരെ അക്കാര്യം സംസാരിച്ചു ബോധ്യപ്പെടുത്തേണ്ട കടമയുണ്ട്. കൊറോണ പ്രതിസന്ധിയില്‍ ലോകത്തില്‍ ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിച്ചത് രാജ്യമാണ്. ജി 20 അധ്യക്ഷത ലഭിച്ചതില്‍ നാം അഭിമാനിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഏവരിലും സന്തോഷമുണ്ടാക്കുന്നു. ഭാരതത്തിന്റെ കീര്‍ത്തി ഇന്ന് ലോകമെമ്പാടും വ്യാപിക്കുകയാണ്. രാജ്യം വളര്‍ച്ചയില്‍ ഏറെ ദൂരം പിന്നിട്ടുവെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക