ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേപ്പാളിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി പുഷ്പ കമല്‍ ദഹല്‍ ക്ഷണിച്ചു. പ്രധാനമന്ത്രി മോദിയെ നേപ്പാളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം പഴക്കമുള്ളതും ബഹുമുഖവുമാണെന്ന് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ദഹല്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെയും രാഷ്ട്രീയ ഭൂപ്രകൃതിയുടെയും വളര്‍ച്ച കാണുന്നതില്‍ നേപ്പാള്‍ സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു.
നേപ്പാള്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഇത് എന്റെ നാലാമത്തെ ഇന്ത്യാ സന്ദര്‍ശനമാണ്. 2018 സെപ്റ്റംബറിലെയും അതിനു മുന്നേ 2016 സെപ്റ്റംബറിലും ഒക്ടോബറിലുമായി രണ്ട് തവണയും ഞാന്‍ നടത്തിയ സന്ദര്‍ശനം സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു. നേപ്പാള്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ആശംസകള്‍ ഞാന്‍ പങ്കിടുന്നു. ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി മോദിയുടെ സര്‍ക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു. നാഗരിക, സാംസ്കാരിക, സാമൂഹികസാമ്പത്തിക ബന്ധങ്ങളുടെ സമ്പന്നമായ പാരമ്പര്യത്താല്‍ നിര്‍മ്മിച്ച ഉറച്ച അടിത്തറയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലകൊള്ളുന്നതെന്നും പറഞ്ഞു.
ഇന്ത്യ-നേപ്പാള്‍ ബന്ധത്തിലെ പുരോഗതിയെക്കുറിച്ച് താനും പ്രധാനമന്ത്രി മോദിയും വിപുലമായ അവലോകനം നടത്തിയെന്നും ഇന്ത്യയുടെ ‘നൈബര്സ് ഫസ്റ്റ്’ എന്ന നയത്തെ അഭിനന്ദിക്കുന്നതായും പുഷ്പ കമാല്‍ ദഹല്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
വ്യാപാരം, ഗതാഗതം, നിക്ഷേപം, ജലവൈദ്യുത വികസനം, വൈദ്യുതി, വ്യാപാരം, ജലസേചനം, കൃഷി, വ്യോമ പ്രവേശന റൂട്ടുകള്‍ ഉള്‍പ്പെടെയുള്ള കണക്റ്റിവിറ്റി, റെയില്‍വേ, പാലം, ട്രാന്സ്മിഷന് ലൈന്‍, പെട്രോളിയം പൈപ്പ് ലൈന്‍ വിപുലീകരണം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നും ദഹല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: