തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഈ വര്‍ഷം മുതല്‍ 210 പ്രവൃത്തി ദിവസങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇനി മുതല്‍ മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതല്‍ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് ഗവ. വിഎച്ച്എസ്എസില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സഹായകമാകും വിധം സ്‌കൂള്‍ കാമ്പസിനെ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 2309 കോടി രൂപ കിഫ്ബി ധനസഹായത്തോടെ 973 സ്‌കൂളുകള്‍ക്ക് ആധുനിക കെട്ടിടങ്ങള്‍ നിര്‍മിച്ചു. 1500 കോടി രൂപ ചെലവില്‍ 1300 സ്‌കൂളുകള്‍ക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ധനിക ദരിദ്ര വ്യത്യാസമില്ലാതെ മുഴുവന്‍ കുട്ടികള്‍ക്കും നിര്‍ഭയമായി ലഭ്യമാക്കിയ സംസ്ഥാനമായി കേരളം മാറി. ഇന്ത്യയിലെ പ്രഥമ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം കേരളമാണെന്നും മന്ത്രി അവകാശപ്പെട്ടു . അക്കാദമിക രംഗത്ത് മികവിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കി. ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം തുടങ്ങിയ മേഖലകളിൽ പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അതിനായി പ്രത്യേക പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. അതിനുസരിച്ചുള്ള പ്രവർത്തന പദ്ധതികളും തയ്യാറാക്കിയെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറാനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടക്കുകയാണ്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അനുഗുണമായ നിരവധി പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികൾ നടപ്പാക്കുന്നുണ്ടെന്നും വിഭ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: