കേണല്‍ എസ്.ഡിന്നി
കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികള്‍ ഇന്നു പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിനായി സ്‌കൂളുകളിലെത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സന്തോഷത്തിന്റെയും വിനോദത്തിന്റെയും പ്രതീക്ഷയുടെയും അവസരമാണിത്. സ്‌കൂള്‍ കാമ്പസുകളില്‍ കളിചിരിയും പാരായണങ്ങളും സംവാദങ്ങളും ചര്‍ച്ചകളും നിറയും. അതിനിടയിലും ഒരു ഭീതി ഒളിഞ്ഞിരിക്കുന്നുണ്ട്. കുറച്ച് വര്‍ഷങ്ങളായി കാമ്പസുകളില്‍ ചിലത് മയക്കുമരുന്ന് വില്‍പനയുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. കേരളം കടുത്ത മയക്കുമരുന്ന് ഭീഷണിയുടെ പിടിയിലാണെന്നത് രഹസ്യമല്ല.
മയക്കുമരുന്ന് കടത്തുകാരനെ പിടികൂടാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. അറസ്റ്റുകളുടെ എണ്ണമല്ല, പിടികൂടുന്ന മയക്കുമരുന്നിന്റെ അളവാണ് പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നത്. അറബിക്കടലില്‍ ഇന്ത്യന്‍ നേവിയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 15,000 കോടി രൂപയുടെ മയക്കുമരുന്നാണല്ലോ പിടികൂടിയത്. പിടിയിലാകുമെന്നായപ്പോള്‍, ഇറാനില്‍ നിന്നുള്ള പ്രധാന കപ്പല്‍ ബോധപൂര്‍വം മുക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് മയക്കുമരുന്ന് കടത്തിലെ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് വേണം കരുതാന്‍.
പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ പോലും മയക്കുമരുന്നിന് അടിമകളാകുന്നതെങ്ങനെയെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിവരിച്ചു. സൂപ്രണ്ട് റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ രണ്ട് കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാണെന്ന് അദ്ദേഹം പരാമര്‍ശിച്ചു. മയക്കുമരുന്ന് മാഫിയയും അതിന്റെ ശൃംഖലയും കേരള സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും കടന്നിരിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ വശങ്ങള്‍ പരിഗണിക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, മയക്കുമരുന്ന് മാഫിയകള്‍ ഇപ്പോള്‍ കോളേജിലും മറ്റ് യുവാക്കള്‍ക്കും പകരം സ്‌കൂള്‍ കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത് അവര്‍ക്ക് വളരെ ലാഭകരമാണെന്ന് മാത്രമല്ല, സുരക്ഷിതമായും കണക്കാക്കപ്പെടുന്നു. പത്ത് മുതല്‍ പതിനാറ് വയസുവരെയുള്ള കുട്ടികളെയാണ് കൂടുതലും ലക്ഷ്യമിടുന്നത്. ചെറുപ്പക്കാരെ മാത്രം ലക്ഷ്യമിട്ടിരുന്ന മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇപ്പോള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിടുന്നു. മയക്കുമരുന്നിന് അടിമപ്പെടുന്ന സ്‌കൂള്‍ കുട്ടികളില്‍ ഭൂരിഭാഗവും സുഹൃത്തുക്കളുടെ സ്വാധീനത്തിലൂടെയാണ് വലയില്‍ വീഴുന്നത്. തുടര്‍ന്ന് അവന്‍ അല്ലെങ്കില്‍ അവള്‍ വഴി അവരുടെ മുഴുവന്‍ സുഹൃത്തുക്കളെയും ഈ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തന രീതി. സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളെയും മയക്കുമരുന്ന് വാഹകരായി ഉപയോഗിക്കും. സിന്തറ്റിക് മരുന്നുകളുടെ ഉപയോഗത്തോടെ, ഈ മരുന്നുകള്‍ കൊണ്ടുപോകുന്നതും മറയ്‌ക്കുന്നതും വളരെ എളുപ്പമായിരിക്കുന്നു. ചെറുപ്രായത്തിലുള്ള സ്‌കൂള്‍ കുട്ടികളുടെ നഖത്തില്‍ ആയിരക്കണക്കിന് രൂപ വില യുള്ള മയക്കുമരുന്ന് കടത്താന്‍ കഴിയും. മാഫിയകള്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ കൊച്ചുകുട്ടികള്‍ക്ക് പെട്ടെന്ന് പ്രശസ്തി നല്‍കാനും അതിനുശേഷം അവരെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നു.
ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിയും ‘വിരസനായ വ്യക്തിയായി’ മുദ്രകുത്തപ്പെടും. അവര്‍ സുഹൃദ് വലയത്തില്‍ നിന്ന് പുറത്താക്കപ്പെടും. ഈ ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് മാനസികമായി അങ്ങേയറ്റം ആഘാതകരമാണ്. ഈ ചുറ്റുപാടിലാണ് സ്‌കൂള്‍ കുട്ടികള്‍ അവരുടെ പഠനവും മറ്റ് പാഠ്യപദ്ധതികളും പിന്തുടരേണ്ടത്. അതുകൊണ്ട് തന്നെ സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ വലിയ സമ്മര്‍ദമുണ്ട്. ഇത് എല്ലാവരും പ്രത്യേകിച്ച് രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കേണ്ട സമയം വൈകി.
മാറിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിന്റെ സ്വഭാവത്തെക്കുറിച്ച് സ്‌കൂള്‍ കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, സാധാരണ പൗരന്മാര്‍ എന്നിവര്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. നമ്മില്‍ പലരും മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് ബോധവാന്മാരാണെന്ന് അവകാശപ്പെടുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍ മയക്കുമരുന്ന് മാഫിയകള്‍ അവരുടെ തന്ത്രം എങ്ങനെ പതിവായി മാറ്റുന്നു എന്ന് അറിയില്ല. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. ഈ വിപത്തിനെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് മാത്രം കഴിയില്ല. അതിന് സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തവും ഇച്ഛാശക്തിയും, പരിശ്രമവും, ത്യാഗവും ആവശ്യമാണ്. ഇവിടെയാണ് പൗരസമൂഹ സംഘടനകള്‍ക്ക് വലിയ പങ്ക് വഹിക്കാനാവുന്നത്. ഈ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സംഘടനയാണ് സേവ് അവര്‍ നേഷന്‍ ഇന്ത്യ. കുടുംബ തലത്തില്‍ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ അവബോധവും സാമൂഹിക അവബോധവും സൃഷ്ടിക്കുന്നതിനുള്ള കാഴ്ചപ്പാടാണ് സേവ് അവര്‍ നേഷന്‍ ഇന്ത്യയ്‌ക്കുള്ളത്.
ലഹരി വിമുക്ത കുടുംബം, ലഹരി വിമുക്ത സമൂഹമാണ് എന്ന് വിശ്വസിക്കുന്നു. ഇതിനായി കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനും മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുടുംബത്തിലെ എല്ലാവരുമായും ചര്‍ച്ച ചെയ്യുന്നതിനും, നേരിട്ടുള്ള സമ്പര്‍ക്കരീതി അവലംബിക്കുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ്, പിടിഎ, കേരള എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഏകോപിപ്പിച്ച് എല്ലാ സ്‌കൂളുകളിലും ബോധവത്കരണ സെഷനുകള്‍ സംഘടിപ്പിക്കാനും സേവ് അവര്‍ നേഷന്‍ ഇന്ത്യ മുന്‍കൈ എടുക്കും. കുട്ടികള്‍ക്ക് വേണ്ടി ആവേശകരവും, പ്രസക്തവും, ഉപയോഗപ്രദവുമായ രീതിയില്‍ തുടരുന്ന വിധത്തിലായിരിക്കും ഇവ ആസൂത്രണം ചെയ്യുക. മയക്കുമരുന്നിനെതിരായ ഈ പോരാട്ടത്തില്‍ നാം ഓരോരുത്തരും പങ്കെടുക്കണം. ഇത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ വരുംതലമുറയിലെ കുട്ടികള്‍ തെരുവില്‍ കിടക്കുന്നത് നമ്മള്‍ കാണേണ്ടി വരും. കുടുംബങ്ങള്‍ നശിക്കും. സമൂഹം നശിക്കും. നമ്മുടെ ശത്രുക്കള്‍ക്ക് യുദ്ധത്തിലൂടെ ഭാരതത്തെ നശിപ്പിക്കാന്‍ ഇതുവരെ സാധ്യമായിട്ടില്ല. പക്ഷേ, മയക്കുമരുന്നിന് അത് ചെയ്യാന്‍ കഴിയും. അതു തടയാന്‍ നാമെല്ലാവരും മയക്കുമരുന്നിനെതിരായ ഈ പോരാട്ടത്തില്‍ യോദ്ധാക്കളായേ പറ്റു. പോരാട്ടം സ്‌കൂളുകളില്‍ നിന്ന് തുടങ്ങണം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: