കെ. ഗോപാലകൃഷ്ണന് കുഞ്ഞി
സ്വര്‍ഗ്ഗീയ മാധവ്ജിയുടെ പ്രഥമ ശിഷ്യനും തന്ത്ര വിദ്യാപീഠത്തിലെ പ്രഥമവിദ്യാര്ത്ഥിയുമായ തന്ത്രരത്നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് നമ്മെ വിട്ടു പിരിഞ്ഞു. കഴിഞ്ഞ അര നൂറ്റാണ്ടിലെ സാമൂഹ്യ, ആത്മീയ നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്കിയിട്ടാണ് അദ്ദേഹം യാത്രയായത്.
ബ്രഹ്മശ്രീ കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടില്‍ നിന്ന് തന്ത്ര ശാസ്ത്രത്തില്‍ അവഗാഹം നേടിയ അദ്ദേഹം പിന്നീട് മാധവ്ജിയില്‍ നിന്ന് ശ്രീവിദ്യാസമ്പ്രദായം സ്വായത്തമാക്കി. മാധവ്ജിയുടെ ഏഴു പൂര്‍ണ്ണ ദീക്ഷിതരായ ശിഷ്യന്മാരില് മൂത്ത ആളാണ്, എല്ലാവരും സ്നേഹപൂര്‍വം വിളിക്കുന്ന അപ്പുവേട്ടന്. നിറഞ്ഞ ഗുരുഭക്തിക്കും നിഷ്കളങ്കമായ പെരുമാറ്റത്തിനും സഹോദര സ്നേഹത്തിനും വാത്സല്യത്തിനും കരുതലിനും ഉത്തമ മാതൃകയാണദ്ദേഹം.
തന്ത്ര വിദ്യാപീഠത്തിന്റെ ഏതു പ്രതിസന്ധിക്കും ഒരു പരിഹാരമായിരുന്നു അപ്പുവേട്ടന്റെ സാന്നിദ്ധ്യം. ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിലും സ്മൃതി മണ്ഡപ നിര്‍മ്മാണത്തിലും കുട്ടികളുടെ പഠനത്തിലും, വിദ്യാപീഠത്തിന്റെ വളര്‍ച്ചയിലും എന്നും വളരെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. വളരെ ശാരീരിക ക്ലേശങ്ങള്‍ അനുഭവിക്കുമ്പോഴും, ആശുപത്രിയില്‍ കിടക്കുമ്പോഴും വിദ്യാപീഠത്തിന്റെ ഭരണസമിതിയില്‍ ഓണ്‍ലൈന്‍ ആയിട്ടെങ്കിലും അദ്ദേഹം സന്നിഹിതനായിരുന്നു.
ഹൈന്ദവ നവോത്ഥാനത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു ആ ജീവിതം. പാലിയം വിളംബരത്തെ പ്രാവര്‍ത്തികമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട് മാധവിജിയോടൊപ്പം ചേര്‍ന്ന് അബ്രാഹ്മണര്‍ക്കും താന്ത്രിക പൂജാ പഠനം പ്രായോഗികമാക്കി. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് അത് നിര്‍ണായകമായി. ഹൈന്ദവ സമാജ നവീകരണത്തിന് പാലിയം വിളംബരത്തെ പ്രാവര്‍ത്തികമാക്കുന്ന പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ചതും, സ്വര്‍ഗ്ഗീയ മാധവ്ജിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി പ്രവര്‍ത്തിച്ചതും ഇദ്ദേഹമാണ്.
ജന്മം അല്ല, കര്‍മ്മമാണ് ബ്രാഹ്മണ്യത്തിനടിസ്ഥാനമെന്ന് സമൂഹത്തിന് പ്രവര്‍ത്തിച്ചു കാട്ടിക്കൊടുത്ത സാമൂഹ്യ പരിഷ്കര്‍ത്താവ് കൂടിയാണ് അഴകത്ത് ശാസ്ത്രശര്മ്മന് നമ്പൂതിരിപ്പാട്. ജന്മനാ ബ്രാഹ്മണരല്ലാത്തവര്‍ക്കും താന്ത്രിക മേഖലയിലേക്ക് കടന്നുവരുന്നതിന് വിപ്ലവകരമായ തുടക്കം കുറിച്ച്, 1982 ലെ ആലുവ അദൈ്വതാശ്രമത്തിലെ പൂജാ പഠന ശിബിരത്തിന് നേതൃത്വം നല്കി. പിന്നീട് നിരവധി ശിബിരങ്ങള്‍ പല സ്ഥലങ്ങളില്‍ നടത്തി. അതുവഴി എല്ലാ സമ്പ്രദായക്കാരേയും കേരളം മുഴുവന്‍ ഏകോപിപ്പിക്കുവാന്‍ കഴിഞ്ഞത് ഒരു വലിയ വിപ്ലവമായിരുന്നു.
പട്ടാമ്പിയിലെ അഴകത്ത് മന അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിനെയും ഏഴ് മക്കളില്‍ നാലാമത്തെ ആളായി 1950ല്‍ ജനനം. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തെത്തുടര്‍ന്ന് വിദ്യാപീഠത്തില്‍ പഠനം, അവിടെത്തന്നെ അദ്ധ്യാപകന്. പിന്നീട് കുലപതി, തുടര്‍ച്ചയായി തന്ത്രവിദ്യാ പീഠത്തിന്റെ അദ്ധ്യക്ഷന്‍ ആയിരുന്നു അദ്ദേഹം. ഭാരതം മുഴുവന്‍ അദ്ദേഹം പടര്‍ത്തിയ സാമൂഹ്യ സമത്വത്തിന്റെ മാതൃക എക്കാലവും ഏവര്‍ക്കും വലിയ പ്രേരണയാവും.
(തന്ത്രവിദ്യാപീഠം എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: