കെന്നിങ്ടണ്‍ ഓവല്‍: ഇനി ശ്രദ്ധയത്രയും ഇംഗ്ലണ്ടിലെ ലണ്ടന്‍ നഗരത്തിനടുത്തുള്ള കെന്നിങ്ടണ്‍ ഓവലിലേക്ക്. ഇന്നേക്ക് ആറാം നാള് ദി ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ രണ്ടാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനിറങ്ങും. ഓസ്ട്രേലിയ ആണ് ഇക്കുറി എതിരാളികള്‍. ചാമ്പ്യന്‍ഷിപ്പിന്റെ പ്രഥമ ഫൈനലിലും ഇന്ത്യ കളിച്ചിരുന്നു. കെയ്ന്‍ വില്ല്യംസണ് നയിച്ച ന്യൂസിലാന്‍ഡിനോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഏഴിന് ആരംഭിക്കുന്ന ഇത്തവണത്തെ ഫൈനല്‍ മത്സരം ജയിക്കാനായാല്‍ പത്ത് വര്‍ഷമായി ഒരു ഐസിസി കിരീടം സ്വന്തമാക്കിയിട്ടില്ലെന്ന പേരുദോഷം തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇതിന് മുമ്പ് ഇന്ത്യ ജേതാക്കളായത്. അന്നും ഇംഗ്ലണ്ടില്‍ നടന്ന ഫൈനലില്‍ ആതിഥേയരെ തോല്‍പ്പിച്ചാണ് മഹേന്ദ്ര സിങ് ധോണിയുടെ കീഴില്‍ ടീം ഇന്ത്യ കിരീടം ഉയര്‍ത്തിയത്. മഴകാരണം 20 ഓവറായി ചുരുക്കിയ ഫൈനലില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിക്കുകയായിരുന്നു.
അതിന് ശേഷം ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലെയും പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 2014ല്‍ ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യ ഫൈനലില്‍ ലസിത് മലിംഗ നയിച്ച ശ്രീലങ്കയോട് അഞ്ച് വിക്കറ്റിന് തോറ്റു. പിന്നീട് 2017ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയെങ്കിലും പാക്കിസ്ഥാനോട് പരാജയപ്പെട്ടു. ഏറ്റവും ഒടുവില്‍ ഐസിസി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരില്‍ ഇന്ത്യയും യോഗ്യത നേടി. പക്ഷെ ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടു. ഇംഗ്ലണ്ടിലെ സൗതാംപ്ടണില്‍ നടന്ന കളിയില്‍ എട്ട് വിക്കറ്റിനാിയരുന്നു ഇന്ത്യയുടെ തോല്‍വി.
ഇതിനിടെ രണ്ട് തവണ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയിലെത്തി ഇന്ത്യ പുറത്തായിട്ടുണ്ട്. 2015ല്‍ ഓസ്ട്രേലിയയോടും 2019ല്‍ ന്യൂസിലാന്‍ഡിനോടുമാണ് ഇന്ത്യ പരാജയപ്പെട്ടത്. വരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജയിക്കാനായാല്‍ പത്ത് വര്‍ഷം നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: