കല്‍പ്പറ്റ : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം കസ്റ്റഡിയില്‍. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യുന്നതിനായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പോലീസ് അറിയിച്ചത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് എട്ടര കോടി രൂപയോളം തട്ടിച്ചതായാണ് ആരോപണം.
തട്ടിപ്പ് നടക്കുന്ന വേളയില്‍ ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്നു കെ.കെ. അബ്രഹാം. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ് അബ്രഹാം. മുന്‍ ബാങ്ക് സെക്രട്ടറി രമ ദേവിയും പോലീസ് കസ്റ്റഡിയിലാണ്. അതേസമയം കസ്റ്റഡിയില്‍ എടുത്ത അബ്രഹാമിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തട്ടിപ്പിനിരയായ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന്(60) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് നടപടികളിലേക്ക് പോലീസ് കടന്നത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുളഅള ഭരണ സമിതിക്കാണ് ബാങ്കിന്റെ നിയന്ത്രണം. രാജേന്ദ്രന്റെ പേരില്‍ രണ്ട് വായ്പകളാണ് എടുത്തിട്ടുള്ളത്. ഇയാള്‍ കുടിശ്ശിക അടക്കം 46.58 ലക്ഷം രൂപ നല്‍കാനുണ്ടെന്നുമാണ് ബാങ്കില്‍ നിന്നുള്ള കണക്കില്‍ പറയുന്നത്. സ്വന്തം സ്ഥലം പണയപ്പെടുത്തി 70000 രൂപമാത്രമാണ് രാജേന്ദ്രന് വായ്പയായി എടുത്തിട്ടുള്ളത്. എന്നാല്‍ മുന്‍ ബാങ്ക് പ്രസിഡന്റ് അബ്രഹാം രാജേന്ദ്രന്റെ പേരില്‍ വ്യാജ രേഖകള്‍ തയ്യാറാക്കി വന്‍ തുകയുടെ വായ്പ സംഘടിപ്പിച്ച് പണം തട്ടിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വായ്പ്പാ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് രാജേന്ദ്രന് ആത്മഹത്യ ചെയ്യുന്നത്. ഇതോടെ ബന്ധുക്കള്‍ ഇതിനെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. 2016 ല്‍ രാജേന്ദ്രന്റെ വ്യാജ ഒപ്പിട്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: