അരിക്കൊമ്പന് ആറേഴുപേരെ കൊന്നിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ കമ്പംസ്വദേശി ബല്‍രാജ് മരണപ്പെട്ടതില്‍ അരിക്കൊമ്പന് പങ്കൊന്നുമില്ല. പക്ഷേ അതും അരിക്കൊമ്പന്റെ കണക്കില്‍ തന്നെ പെടുമെന്നു തോന്നുന്നു. തമിഴ്നാട്ടിലെ ഷണ്മുഖനാഥന് കോവില്‍ പരിസരത്ത് ആനയെകണ്ടപ്പോള്‍ ഓടിമറയാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം.
മയക്കുവെടിവച്ച് മാറ്റാന്‍ ശ്രമിച്ചാലും ആനപ്പേടി മാറാന്‍ പോകുന്നില്ലെന്നല്ലെ മുന്‍കാല അനുഭവം. പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയപ്പോള്‍ നെടുവീര്‍പ്പിട്ടവര്‍ എത്രയായിരുന്നു. 80 ലക്ഷം രൂപ ചെലവാക്കി നടത്തിയ ദൗത്യം അപ്പാടെ പാളിയില്ലെ. അരിക്കൊമ്പനെ മാറ്റിയശേഷം ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടം തന്നെ ഇറങ്ങി. അരിക്കൊമ്പനെ വെടിവച്ച് മയക്കിയ സിമന്റ് പാലത്തിനടുത്ത് കാട്ടാനക്കൂട്ടം തന്നെയല്ലെ എത്തിയത്? അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന പിടിയാനകളും കുട്ടിയാനകളും തന്നെയായിരുന്നു അത്. അരിക്കൊമ്പനെ ഒതുക്കാന്‍ മയക്കുവെടിയുമല്ല ബോധം കെടുത്തലുമല്ല, ഒരു റേഷന്‍ കടയും കുറേ അരിയും നല്കിയെങ്കില്, അതുകൊണ്ട് തൃപ്തിപ്പെട്ടേനെ എന്നാണ് തോന്നുന്നത്.
കഴിഞ്ഞ ദിവസം സിങ്കുകണ്ടത്ത് വീട്ടിനു സമീപത്തെ ഷെഡ് കാട്ടാന തകര്‍ത്തു. ഏത് ആനയാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല. ചക്കക്കൊമ്പന് ആ സമയത്ത് പ്രദേശത്തുണ്ടായിരുന്നില്ല, ശങ്കരപാണ്ഡ്യ മേട്ടിലായിരുന്നു. അതിനാല്‍, പ്രദേശത്ത് നിരന്തരം ആക്രമണം നടത്തുന്ന ചക്കക്കൊമ്പനല്ല ആക്രമണത്തിനു പിന്നിലെന്ന് വ്യക്തം. അരിക്കൊമ്പനെ നാടുകടത്തിയിട്ടും പ്രദേശത്ത് ആനശല്യം കുറയാത്തത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വീടാണ് കാട്ടാന തകര്‍ക്കുന്നത്.
ചിന്നക്കനാല്‍ സിമന്റ് പാലത്തിനു സമീപം കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. അരിക്കൊമ്പനൊപ്പം ഉണ്ടായിരുന്ന പിടിയാനകളും കുട്ടിയാനകളുമാണ് കൂട്ടമായി എത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അരിക്കൊമ്പന് ഇല്ലെങ്കിലും പ്രദേശത്ത് ചക്കക്കൊമ്പന്, പടയപ്പ, മൊട്ടവാലന്‍ എന്നീ ആനകളും ഭീതിപരത്തുന്നു. അരിക്കൊമ്പനെ മാറ്റിയിട്ടും ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയിലുള്ളവര്‍ ഇപ്പോഴും ഭീതിയിലാണ് കഴിയുന്നത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയില്‍ അഞ്ചാം മൈലിനു സമീപം കഴിഞ്ഞ ദിവസം പകല്‍സമയത്ത് അടിമാലിയില്‍ നിന്ന് തൊടുപുഴയ്ക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. യാത്രക്കാന് ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പീരുമേട്ടില്‍ ജനവാസ മേഖലയില്‍ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. അഴുത എല്‍പി സ്കൂള്‍ പരിസരത്ത് എത്തിയ കാട്ടാനക്കൂട്ടം വാഴയും ഏലവും തെങ്ങുമെല്ലാം നശിപ്പിച്ചു. വന്യജീവി ശല്യം പരിഹരിക്കാന്‍ താല്‍ക്കാലിക നടപടികള്‍ ഫലം ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജനവാസമേഖലകളില്‍ വൈദ്യുതിവേലികളും കിടങ്ങുകളും സ്ഥാപിച്ച് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വയനാട് താമരശ്ശേരി ചുരത്തില്‍ കാട്ടാനകൂട്ടം ഇറങ്ങി. ചുരം രണ്ടാം വളവിലെ റോഡിനോട് ചേര്‍ന്ന വനമേഖലയിലാണ് കാട്ടാനകളെ കണ്ടത്. ചുരത്തില്‍ കാട്ടാനകളുടെ സാന്നിധ്യം അപൂര്‍വമാണ്. യാത്രക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തിയതോടെ കാട്ടാനകൂട്ടം ഉള്‍വനത്തിലേക്ക് നീങ്ങി. തൃശൂര്‍, മലമ്പുഴ പ്രദേശങ്ങളിലും ആന ഇറങ്ങിയത് പരിഭ്രാന്തി പരത്തി. ആന ഇറങ്ങാത്തമേഖലയില്‍പോലും ആനപ്പേടി വ്യാപകമായി. കളീയ്ക്കല്‍ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. കളീയ്ക്കല്‍ സ്വദേശി അനില്‍ കുമാറിന്റെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ വാഴ, തെങ്ങ് എന്നിവയും മറ്റ് ഇടവിളകളും കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചു. മൂന്നു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണു വിതുര ഗ്രാമപ്പഞ്ചായത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം ഇതേ വനമേഖലയില്‍ നിന്നും മാങ്കാലയിലെ ജനവാസ മേഖലയില്‍ എത്തിയ കാട്ടാനക്കൂട്ടം മാങ്കാല സ്വദേശിനി ബിന്ദുവിന്റെ പുരയിടത്തിലെ കൃഷി നശിപ്പിച്ചിരുന്നു. പതിവായി മാങ്കാല, ചപ്പാത്ത്, കളീയ്ക്കല്‍, തലയ്ക്കല്‍, മേഖലകളിലും കല്ലുപാറ ഊരിനു സമീപവും കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ട്. കുട്ടികളടക്കം കൂട്ടമായി നടക്കുന്നവ ആയതിനാല്‍ പ്രദേശത്തു ഭീതി പരന്നിട്ടുണ്ട്. ആളെ ആക്രമിക്കുന്നതും ഭീതിപരത്തുന്നതും ആനയുടെ മാത്രം കുത്തകയല്ലെന്ന് തോന്നും, കാട്ടുപോത്തിന്റെ വിളയാട്ടം കണ്ടാല്‍. കോട്ടയത്ത് രണ്ടുപേരെ കാട്ടുപോത്ത് കുത്തിക്കൊന്നു.
ചാലക്കുടി മേലൂര്‍ ജനവാസ മേഖലയിലും കാട്ടുപോത്തിറങ്ങി. വെട്ടുകാവ് ഭാഗത്താണ് കാട്ടുപോത്ത് ഭീതി പരത്തിയത്. പ്രദേശവാസികള്‍ ബഹളം വെച്ചതോടെ പോത്ത് ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. കോട്ടയത്തിന് പിന്നാലെ കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണം. കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ക്ക് മരണം സംഭവിച്ചു. വയനാട്ടില്‍ പുലി ഇറങ്ങുന്നതാണ് പതിവ്. പുലി മറ്റ്മേഖലയിലേക്കു കടന്ന് അതിക്രമം കാട്ടുന്നതായാണ് പരാതി.
ഇതൊക്കെ കാണുമ്പോള്‍ കരടിക്കും കാട്ടുപന്നിക്കും മിണ്ടാതിരിക്കാന്‍ സാധിക്കുമോ! വനത്തില്‍ കിണറില്ലല്ലൊ. വെള്ളനാട്ടിലിറങ്ങിയ കരടി കിണറ്റില്‍ ചാടിയാണ് ജീവന് വെടിഞ്ഞത്. വനംവകുപ്പിന്റെ അനാസ്ഥയാണ് കരടി മരണത്തിലെത്തിയതെന്നാണ് മൃഗസ്നേഹികളുടെ ആവലാതി. 10 വയസ് പ്രായമുള്ള കരടി വെള്ളത്തില്‍ മുങ്ങിമരിച്ചതാണെന്നാണ് സ്ഥിരീകരണം. പൊറുതിമുട്ടി നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളിരിക്കട്ടെ. അതിനേക്കാള്‍ ഭീകരമല്ലെ നാട്ടിലെ ഇരട്ടച്ചങ്കന്മാരുടെ പെരുമാറ്റം. മൃഗങ്ങളേക്കാള്‍ ലജ്ജിപ്പിക്കുന്നതല്ലെ നടുഭരിക്കുന്നവരുടെ ഓരോ പെരുമാറ്റവും. ഇരുകൂട്ടരുടെയും തോന്ന്യാസങ്ങള് നാട്ടുകാര്‍ക്കാകെ പൊറുതിമുട്ടുന്ന അവസ്ഥയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: