പ്രയാഗ്രാജ്: വെറും പതിനൊന്നു മിനിട്ടിനുള്ളില്‍ യമുനാ നദി നീന്തിക്കടന്ന ആറുവയസ്സുകാരിയുടെ വിജയഗാഥ വിസ്മയിക്കുകയാണ് പ്രയാഗ്രാജുകാര്‍. പ്രീതം നഗറിലെ വൃതിക ഷാണ്ഡില്യയാണ് പരിശീലകരെപ്പോലും അത്ഭുതപ്പെടുത്തിയത്. രാവിലെ 6.10ന് മിരാപൂര്‍ സിന്ധുസാഗര്‍ ഘട്ടില്‍ നിന്ന് നീന്തല്‍ ആരംഭിച്ച വൃതിക 6.21ന് മറുകരയില്‍ വിദ്യാപീഠ് മഹേവാഘട്ടില് നമസ്കരിച്ചു.
പ്രീതം നഗര്‍ സെന്റ് ആന്റണീസ് ഗേള്‍സ് കോണ്‍വെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ വൃതികയുടെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ പരിശീലകര്‍ക്കും അച്ഛനമ്മമാര്‍ക്കുമൊപ്പം ഗ്രാമവാസികളും യമുനയുടെ ഇരുകരകളില്‍ തടിച്ചുകൂടി. വൃതികയുടെ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്ന് പരിശീലകന് ത്രിഭുവന്‍ നിഷാദ് പറഞ്ഞു.
നീന്തല്‍ പഠിച്ച് തുടങ്ങിയ ആദ്യ ദിവസം മുതല്‍ വൃതിക ലക്ഷ്യംവച്ചത് യമുന നീന്തിക്കടക്കുക എന്നതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാ ലളിതാ ദേവി ക്ഷേത്രത്തിലും ബനിയന് ഘട്ടിലെ ഭഗവാന് ഹനുമാന് ക്ഷേത്രത്തിലും പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് വൃതിക യമുനയില്‍ നീന്താന്‍ ആരംഭിച്ചത്. നീന്തല്‍ ആരംഭിക്കുന്നതിന് മുമ്പ് പരിശീലകയായ കമല നിഷാദില്‍ നിന്ന് അനുഗ്രഹം വാങ്ങി. വൃതിക നദി മുറിച്ചുകടക്കുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ അച്ഛനമ്മമാരായ പങ്കജ് കുമാര്‍ സിങ്, നിവേദ സിങ് തുടങ്ങിയവരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: