ന്യൂദല്‍ഹി: രാജ്യത്തെ 19 കേന്ദ്രങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ (ക്യുസിവിഎം) സ്ഥാപിക്കാനൊരുങ്ങി ആര്‍ബിഐ. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ ക്യുസിവിഎം ലഭ്യമാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാര്‍ച്ചില്‍ നടന്ന എംപിസി യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ക്യുസിവിഎം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ രാജ്യത്തെ 12 ജില്ലകളിലെ 19 കേന്ദ്രങ്ങളിലാണ് മെഷീനുകള്‍ സ്ഥാപിക്കുന്നത്. നാണയങ്ങളുടെ വിതരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമെ ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി സഹകരിച്ച് പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ കോഴിക്കോടാണ് ആദ്യ ക്യുസിവിഎം എത്തുക. അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബയ്, ന്യൂഡല്‍ഹി, പാട്‌ന, പ്രയാഗ്‌രാജ് എന്നിവയാണ് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ എത്തുന്ന മറ്റ് നഗരങ്ങള്‍. ഒരു രൂപ മുതല്‍ 20 രൂപവരെയുള്ള നാണയങ്ങളായിരിക്കും ഉപയോക്താക്കള്‍ക്ക് മെഷീനിലൂടെ ലഭിക്കുക.
എന്താണ് ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിന്‍ വെന്‍ഡിംഗ് മെഷീന്‍ (ക്യുസിവിഎം)?
ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ മെഷീന്‍ സൃഷ്ടിച്ച ഡൈനാമിക് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ വഴി പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കുന്ന പണരഹിത നാണയ വിതരണ സംവിധാനമാണ് ക്യുസിവിഎം.
പരമ്പരാഗത പണത്തെ അടിസ്ഥാനമാക്കിയുള്ള നാണയം വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് വ്യത്യസ്തമായി, ക്യുസിവിഎമ്മിന് ബാങ്ക് നോട്ടുകളുടെ യഥാര്‍ത്ഥ പരിശോധനയും മറ്റും ആവശ്യമില്ല. കൂടാതെ, ഉപഭോക്താക്കള്‍ക്ക് ക്യുസിവിഎമ്മുകളില്‍ നിന്ന് ആവശ്യമുള്ള എണ്ണത്തിലും മൂല്യത്തിനും അനുസരിച്ചുള്ള നാണയങ്ങള്‍ പിന്‍വലിക്കാനുള്ള അവസരവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: