‘ഇഷ്ടമായിട്ടുള്ളതൊന്നും എനിക്കില്ല; ഇഷ്ടമില്ലാത്തതായിട്ടുമില്ല.’ ഈവണ്ണം വാസുദേവന്‍ പറഞ്ഞപ്പോള്മൂവരും ലോകസ്ഥിതിയെ വിചാരിച്ചു. ആ സുമംഗാതടംവിട്ട് മന്ദരഗുഹയിലെത്തി. അവിടെ മുജ്ജന്മത്തിങ്കലുണ്ടായ ശരീരത്തെ കണ്ടുകൊണ്ട് ശുക്രന് ഇങ്ങനെ പറഞ്ഞു. ‘ഉള്ളില്‍ ഏറ്റവും കനിവോടെ ലാളിച്ചു വളര്‍ത്തിയ മല്പ്പിതാവേ! ഭവാന് വളര്‍ത്തിയ ശരീരം വളരെക്കാലമായി ഉണങ്ങിക്കിടക്കുന്നതുകണ്ടാലും. കൗതുകം നഷ്ടപ്പെട്ടുപോയിരിക്കുന്നു. സങ്കല്പങ്ങളെല്ലാം വനത്തില്‍ സുഖമായി കിടക്കുന്നതില്‍ സന്ദേഹമില്ല. വര്‍ദ്ധിച്ച ആശാജ്വരമാകുന്നതും സമ്മോഹമാകുന്നതുമായ മഞ്ഞ് ശരത്ക്കാലത്തിന്റെ വരവില്‍ നീങ്ങും. മനോനാശസ്ഥിതിയൊഴിഞ്ഞ് മറ്റു യാതൊന്നുമേ നന്നായിട്ടില്ല. ചേതസ്സിനെ തീരെയില്ലാതെയാക്കീട്ടു ഭൂതലത്തില്‍ ആരാണു വസിക്കുന്നത്! ആ മഹാത്മാക്കളാണ് സുഖഭോഗസീമയെ പ്രാപിച്ചവരെന്നു നിശ്ചയം. യാതൊരു ഖേദവുമില്ലാതെയായി സങ്കല്പങ്ങളും വിട്ടുപോയ ഈ ദേഹത്തെ ഇങ്ങനെ കാണുവാന്‍ എനിക്ക് സംഗതിവന്നതു വലിയ ഭാഗ്യംകൊണ്ടു തന്നെയാണ്.’
എന്നേവം ഓരോന്നു ചൊല്ലുന്ന ശുക്രനോട് കാലന് അന്നേരം പറഞ്ഞു, ‘രാജാവ് നഗരത്തെ എന്നതുപോലെ ഭവാന് മോദത്തോടെ ഈ ശരീരത്തിനെ പ്രാപിക്കുക. മാനവരുടെ ഗുരുവായിട്ട് ഈ ശരീരത്തോടുകൂടി വാഴുക. നിങ്ങള്‍ക്കു നിത്യവും മംഗളം ഭവിക്കട്ടെ! മംഗലാത്മാക്കളേ! ഞാനിനി പോകുന്നു.’ എന്നു പറഞ്ഞ് കാലന് മറഞ്ഞു. അവര്‍ വല്ലാതെ കണ്ണുനീര്‍ചൊരിഞ്ഞു. പിന്നെ സുമംഗാമഹീസുരഭാവനചേര്ന്ന ദേഹത്തെയുപേക്ഷിച്ച് ശുക്രന് കങ്കാളമായ ശരീരത്തില്‍ ശങ്കയില്ലാതെ വിധിവശാല്‍ പ്രവേശിച്ചു. പുത്രദേഹത്തില് ആ ജീവന്കടന്നപ്പോള് മഹാമുനി അത്യന്തമാഹ്ലാദമാര്ന്നു. ഉടനെ മന്ത്രം ജപിച്ച് കമണ്ഡലുവില്‍നിന്ന് തീര്‍ത്ഥമെടുത്തു ദേഹമാകെ തളിച്ചു. എല്ലാ നാഡികളും ഉണര്‍ന്നു ശോഭിച്ചു. പതുക്കെ ശ്വാസവും വിട്ടുതുടങ്ങി. ആമോദത്തോടെ എഴുന്നേറ്റ് ആ കല്യനായ ഭൃഗുപുത്രന്‍ താതനെ ഭക്തിയോടെ നമസ്കരിച്ചു. പിന്നെ തരംഗമില്ലാത്ത സമുദ്രമെന്നതുപോലെ ആ ഭൃഗുവും പുത്രനും സങ്കല്പം അല്പവും കൂടാതെ പങ്കജലോചന! അവിടെ വാണു. അത്യന്തം ഉത്തമമായ ഭാര്ഗ്ഗവോപാഖ്യാനം ഇങ്ങനെ ഞാന്‍ നിന്നോടു പറഞ്ഞുകഴിഞ്ഞു. മാന്യബുദ്ധേ! ഇതു നന്നായി വിചാരിച്ചിട്ട് തോന്നുന്നമാതിരി നടന്നുകൊള്ളുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: