മുംബൈ: 2023 മാര്‍ച്ച് 31ന് അവസാനിച്ച അവസാന സാമ്പത്തിക പാദത്തിലെ (നാലാം പാദത്തിലെ) സാമ്പത്തിക വളര്‍ച്ച 5.5 ശതമാനമാണെന്ന് എസ് ബിഐ ഗവേഷണ റിപ്പോര്‍ട്ട്. ‘ഇകോറാപ്’ എന്ന പേരില്‍ എസ് ബിഐ പ്രസിദ്ധീകരിച്ച സാമ്പത്തികാവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
റിസര്‍വ്വ് ബാങ്ക് നാലാംപാദത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.1 ശതമാനം എന്ന് കണക്കാക്കിയിരുന്നു. ഇതിനേക്കാള്‍ 0.4ശതമാനം അധികമാണ് വളര്‍ച്ചയുണ്ടായതെന്ന് എസ് ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
2022-23ല്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്പാദനം (ജിഡിപി) 7.1 ശതമാനമായി ഉയരുമെന്നും എസ് ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍എസ്ഒ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 2022-23 സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ച ഏഴ് ശതമാനം എന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇത് 0.1 ശതമാനം കൂടി വര്‍ധിച്ച് 7.1 ശതമാനമായിരിക്കുമെന്നും എസ്ബി ഐയുടെ ഇക്കോ റാപ് റിപ്പോര്‍ട്ട് പറയുന്നു.
പ്രധാനമേഖലകളില്‍ നിന്നുള്ള 30 സാമ്പത്തിക സൂചകങ്ങള്‍ പരിഗണിച്ചാണ് വളര്‍ച്ചാനിരക്ക് കണക്കാക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ആഭ്യന്തരഉപഭോഗം കൂടുന്നതും പ്രാദേശിക നിക്ഷേപം കൂടുന്നതും സാമ്പത്തിക വളര്‍ച്ച കൂടാന്‍ കാരണമായി. കാര്‍ഷികമേഖലയും അനുബന്ധപ്രവര്‍ത്തനങ്ങളും ശക്തിപ്പെട്ടു. ഉപഭോക്താക്കളുടെ ആത്മവിശ്വാസം ഉയര്‍ന്നനിലയിലാണ്.
വിതരണശൃംഖല കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നതും വായ്പാവളര്‍ച്ച കുറെ നാളായി 15 ശതമാനത്തിനടുത്താണെന്നതും അനുകൂലഘടകങ്ങളാണ്. അടിസ്ഥാന നിര്‍മ്മാണവസ്തുക്കളുടെ വില കുറയുന്നത് വിലക്കയറ്റം കുറയാന്‍ സഹായകരമാണ്. ഇതെല്ലാം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതായി എസ്ബി ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ കോര്‍പറേറ്റുകള്‍ ഇന്ത്യയുടെ വളര്‍ച്ചയെ മുന്നില്‍ നിന്ന് നയിക്കുന്നുണ്ടെന്ന് എസ് ബിഐയുടെ മുഖ്യസാമ്പത്തികോപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് പറയുന്നു. മിക്ക കമ്പനികളുടെയും പ്രവര്‍ത്തനങ്ങളും സാമ്പത്തിക നിലയും ഭദ്രമായ സ്ഥിതിയിലാണ്. നാലാം പാദത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള 1700 കമ്പനികള്‍ 12 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ അറ്റാദായം 19 ശതമാനത്തോളം വളര്‍ച്ചനേടുകയും ചെയ്തു. 2022ല്‍ നിന്നും വ്യത്യസ്തമായി വിദേശ മൂലധനം വന്‍തോതില്‍ ഇന്ത്യയിലേക്ക് ഒഴുകിവരുന്നതും പ്രതീക്ഷ പകരുന്നു. 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ വിദേശമൂലധനമായി 600 കോടി ഡോളര്‍ എത്തി.
ചില യുഎസ് ബാങ്കുകള്‍ തകര്‍ന്നത് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ പണമിടപാടിനെയും നിക്ഷേപത്തെയും ചെറിയ തോതില്‍ ബാധിച്ചു. എന്നാല്‍ ഇതും ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് ഒരു അവസരമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: