തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ പ്രധാനവേദിയായ വടക്കുന്നാഥക്ഷേത്രത്തിലെ കൂത്തമ്പലവും കിഴക്കേഗോപുര നടയും പുതുക്കിപ്പണിയും. കേന്ദ്ര പുരാവസ്തുവകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണിത്. ഒരു മാസത്തിനുള്ളില്‍ കൂത്തമ്പലത്തിന്റെ പണി ആരംഭിയ്ക്കും. കിഴക്കേ ഗോപുരനടയുടെ പുതുക്കിപ്പണിയല്‍ ജോലിയും വൈകാതെ ആരംഭിയ്‌ക്കും.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ വടക്കുന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ക്ഷേത്രം അധികൃതരുമായി ചര്‍ച്ചയും നടത്തിയിരുന്നു.സൂപ്രണ്ടിങ്ങ് ആര്‍ക്കിയോളജിസ്റ്റ് കെ. രാമകൃഷ്ണറെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വടക്കുന്നാഥ ക്ഷേത്രത്തിലെത്തിയത്. ഇവര്‍ 50 കോടിയുടെ വികസന പദ്ധതി രേഖയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പ് അനുകൂല നിലപാട് എടുത്തിട്ടുണ്ട്. പക്ഷെ എത്ര കോടി അനുവദിക്കുമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.
500 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് വടക്കുന്നാഥ ഗോപുരം. മരത്തിലും കല്ലിലും തീര്‍ത്ത കൊത്തുപണികള്‍ കൊണ്ട് സമൃദ്ധമാണ് വടക്കുന്നാഥ ക്ഷേത്രത്തിലെ ഗോപുരങ്ങള്‍. പൈതൃകസംരക്ഷണത്തിന് യുനെസ്കോ പുരസ്കാരം ലഭിച്ച നിര്‍മ്മിതകളാണ് പുതുക്കാന്‍ വഴിയൊരുങ്ങുന്നത്.
ഇതില്‍ കിഴക്കേ ഗോപുരനടയുടെ മേല്‍ക്കൂര ചരിഞ്ഞുതുടങ്ങിയ നിലയിലാണ്. ഗോപുരത്തിന്റെ വഴികളില്‍ ഇരുമ്പുകൊണ്ടുള്ള കുത്തുകാലുകള്‍ നല്‍കിയിരിക്കുകയാണിപ്പോള്‍. പല തൂണുകളിലും ചെരിവ് വ്യക്തമാണ്. മരത്തില്‍ തീര്‍ത്ത കൊത്തുപണികള്‍ പലതും ചിതലരിച്ച നിലയിലാണ്. ഇത് പുതുക്കാന്‍ നാല് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടിവിഎസ് ഗ്രൂപ്പ് ഗോപുരം പുതുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.
വലിയ കരിങ്കല്ലും മരത്തൂണും കൊത്തുപണികളും കൊണ്ട് സമ്പന്നമായ കൂത്തമ്പലത്തില്‍ ചോര്‍ച്ചയാണ് പ്രധാനപ്രശ്നം. മേല്‍ക്കൂര മേഞ്ഞ ചെമ്പുപാളികള്‍ക്കിടയിലൂടെ വെള്ളം അകത്തേക്ക് വരികയാണ്. കല്ല്യാണ്‍ ജുവല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമനാണ് കൂത്തമ്പലത്തിന്റെ പുതുക്കല്‍ജോലികള്‍ ഏറ്റെടുത്തിരിക്കുന്നത്. 50 മുതല്‍ 80 ലക്ഷം വരെ ചെലവ് വരും.
ഇന്നര്‍ റൗണ്ടിലെ നടപ്പാതയിലെ ജോലിയും ബാക്കിയുണ്ട്. തെക്കേ ഗോപുരനട മുതല്‍ പാര്‍ക്ക് വരെയുള്ള ഭാഗത്ത് കരിങ്കല്‍വിരിക്കല്‍ നടന്നിട്ടില്ല. ഇവിടം മണ്‍പാതയായി കിടക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ ഭാഗം കൂടി വികസിപ്പിക്കുമെന്ന് കരുതുന്നു. .പടിഞ്ഞാറേ ഗോപുരനവീകരണവും ഗോപുരത്തിന് മുന്നിലെ കല്ലുവിരിക്കലും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നടുവിലാല്‍ തൊട്ട് ശ്രീമൂലസ്ഥാനം വരെയുള്ള വഴിയും ഈ പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: