കോട്ടയം: ടെക്സ്റ്റൈല്‍ വ്യവസായ മേഖലയിലെ ആഗോള കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് പിഎം മിത്ര പാര്‍ക്കുകളുമായി കേന്ദ്രസര്‍ക്കാര്‍. 4.5 കോടിയിലധികം ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന ടെക്സ്റ്റൈല്‍ വ്യവസായത്തെ ടെക്സ്റ്റൈല്‍ ഹബ്ബായി മാറ്റുന്നതിന് ലക്ഷ്യമിട്ടാണ് പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈല്‍ റീജിയനും അപ്പാരലും (പിഎം മിത്ര) പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ പിഎം മിത്ര പാര്‍ക്കും നേരിട്ട് ഒരു ലക്ഷവും പരോക്ഷമായി രണ്ട് ലക്ഷവും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. 70,000 കോടി രൂപയുടെ നിക്ഷേപ സാധ്യതകളാണുള്ളത്. 2017-18 കാലയളവില്‍ 37.55 ബില്യണ്‍ ഡോളറായിരുന്നു കയറ്റുമതി. 2021-22 ആയപ്പോഴേക്കും 44.44 ബില്യണ്‍ ഡോളറിലേക്ക് കയറ്റുമതി വര്‍ധിച്ചു. 2030 ഓടെ കയറ്റുമതി 100 ബില്യണ്‍ ഡോളറില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ വസ്ത്ര കയറ്റുമതിയുടെ പങ്ക് 12 ശതമാനമാണ്. ആഗോള വിഹിതം അഞ്ച് ശതമാനത്തിലധികമാണ്.
ഏഴ് പിഎം മിത്ര പാര്‍ക്കുകള്‍
രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലാണ് പിഎം മിത്ര പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഏഴ് പിഎം മിത്ര പാര്‍ക്കുകള്‍ക്കായി 4445 കോടി രൂപ ചെലവഴിക്കും. പ്ലഗ്-ഇന്‍ സൗകര്യങ്ങള്‍ (റോഡ്, വെള്ളം, വൈദ്യുതി), പരിശീലനം, ഗവേഷണം എന്നിവയ്ക്കൊപ്പം ലോകോത്തര വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും പാര്‍ക്കുകളില്‍ ഉണ്ടാകും. നിക്ഷേപകന് നേരിട്ട് ഉത്പാദനം ആരംഭിക്കാം.
വിരുദുനഗര്‍ (തമിഴ്നാട്), വാറങ്കല്‍ (തെലങ്കാന), കലബുര്‍ഗി (കര്‍ണാടക), അമരാവതി (മഹാരാഷ്ട്ര), നവ്സാരി (ഗുജറാത്ത്), ധാര്‍ (മധ്യപ്രദേശ്), ലഖ്നൗ (ഉത്തര്‍പ്രദേശ്) എന്നിവിടങ്ങളിലാണ് പാര്‍ക്കുകള്‍.
രാജ്യത്തെ ആദ്യ പിഎം മിത്ര പാര്‍ക്ക് 2023 മാര്‍ച്ച് 22ന് തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലാണ് ആരംഭിച്ചത്. രണ്ടാമത്തേത് മാര്‍ച്ച് 28ന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ഉദ്ഘാടനം ചെയ്തു. ലഖ്നൗ പാര്‍ക്കിന്റെ ഉദ്ഘാടനം ഏപ്രില്‍ 18ന് നടന്നു.
തുണി വ്യവസായത്തിന് ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയെന്നതും, നെയ്ത്, സംസ്കരണം ഉള്‍പ്പെടെയുള്ള ടെക്സ്റ്റൈല്‍ വ്യവസായത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വന്‍തോതില്‍ വികസിപ്പിക്കുകയെന്നതാണ് പിഎം മിത്ര ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: