ന്യൂദല്‍ഹി : പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ മഹാരാഷ്ട്രയിലെ ആദിവാസി കര്‍ഷക കുടുംബത്തില്‍ നിന്നുള്ള വിമുക്തഭടന് ശിവാജി ശ്യാംറാവു ഡോളിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിരമിച്ചതിന് ശേഷം പുതിയ എന്തെങ്കിലും പഠിക്കാന്‍ ഡോള്‍ തീരുമാനിച്ചതായും കാര്‍ഷിക ഡിപ്ലോമ നേടിയതായും മോദി പറഞ്ഞു. വിമുക്തഭടന്മാരെ ഉള്‍പ്പെടുത്തി 20 പേരടങ്ങുന്ന ഒരു ചെറിയ സംഘത്തിന് രൂപം നല്കി. പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന വെങ്കിടേശ്വര കോ-ഓപ്പറേറ്റീവ് പവര്‍ ആന്‍ഡ് അഗ്രോ പ്രോസസിംഗ് ലിമിറ്റഡ് എന്ന സഹകരണ സ്ഥാപനത്തിന്റെ നടത്തിപ്പ് അദ്ദേഹവും സംഘവും ഏറ്റെടുത്തു.
ഇന്ന്, വെങ്കിടേശ്വര കോ-ഓപ്പറേറ്റീവ് മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും പതിനെണ്ണായിരത്തോളം ആളുകള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാസിക്കിലെ മാലേഗാവില്‍ 500 ഏക്കറിലധികം സ്ഥലത്ത് ഈ സംഘം കൃഷി നടത്തുന്നുണ്ട്.ജലസംരക്ഷണത്തിനായി കുളങ്ങള്‍ നിര്‍മിക്കുന്നതിലും ഈ സംഘം വ്യാപൃതരാണ്. അവര്‍ ജൈവകൃഷിയും പാല് വിതരണ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ കൃഷി ചെയ്യുന്ന മുന്തിരി യൂറോപ്പിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
സാങ്കേതികവിദ്യയും ആധുനിക കാര്‍ഷിക സമ്പ്രദായങ്ങളും പരമാവധി ഉപയോഗിച്ചതിന് അവരെ മോദി അഭിനന്ദിച്ചു. കയറ്റുമതിക്ക് ആവശ്യമായ വിവിധ സര്‍ട്ടിഫിക്കേഷനുകളിലും അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വലിയൊരു വിഭാഗം ആളുകളെ ശാക്തീകരിക്കുക മാത്രമല്ല നിരവധി ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിന് പ്രധാനമന്ത്രി ഈ സംഘത്തെ അഭിനന്ദിച്ചു. ഈ ശ്രമം ‘മന് കി ബാത്തിന്റെ’ ഓരോ ശ്രോതാവിനും പ്രചോദനമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: