ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനോടാനുബന്ധിച്ച് നടന്ന ‘സര്‍വ ധര്‍മ്മ പ്രാര്‍ത്ഥന’ (സര്‍വമത പ്രാര്‍ത്ഥന) ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും മറ്റ് കേന്ദ്രമന്ത്രിമാരും നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു.
പ്രധാനമന്ത്രി മോദി ഇന്ന് പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുകയും പുതിയ കെട്ടിടത്തിലെ ലോക്സഭാ സ്പീക്കറുടെ കസേരയ്ക്ക് സമീപം ചരിത്ര ചിഹ്നമായ ചെങ്കോല്‍ സ്ഥാപിക്കുകയും ചെയ്തു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, എസ് ജയശങ്കര്‍, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന സര്‍വമത പ്രാര്‍ത്ഥനയില്‍ മതനേതാക്കള്‍ വിവിധ ഭാഷകളില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലി.
ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വൈദിക ആചാരങ്ങളോടുകൂടിയ പരമ്പരാഗത ‘പൂജ’യോടെയാണ് ചടങ്ങ് ആരംഭിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി ഗണപതി ഹോമം നടത്തി. രണ്ട് ഘട്ടങ്ങളിലായാണ് ഉദ്ഘാടനം. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപമുള്ള പന്തലില്‍ പൂജ നടന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രിക്ക് ചരിത്രപ്രസിദ്ധമായ ചെങ്കോല്‍ അധീന അധിപതികള്‍ കൈമാറി.
ആദരസൂചകമായി പ്രധാനമന്ത്രി മോദി ചടങ്ങിനിടെ ചെങ്കോലിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയും തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് അധീനാധിപതികളില് നിന്ന് അനുഗ്രഹം തേടുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ഘോഷയാത്രയില്‍ ചെങ്കോല്‍ വഹിച്ചു. തുടര്‍ന്ന് അദ്ദേഹം ലോക്സഭാ ചേംബറില്‍ സ്പീക്കറുടെ കസേരയ്ക്ക് തൊട്ടടുത്ത് ചെങ്കോല്‍ സ്ഥാപിച്ചു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുതന്റെ വസതിയില്‍ ഓഗസ്റ്റ് 14ന് രാത്രി നിരവധി നേതാക്കളുടെ സാന്നിധ്യത്തില്‍ സ്വീകരിച്ചതും ഇതേ ചെങ്കോലാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിലും വികസനത്തിലും സഹായിച്ച തൊഴിലാളികളെയും അദ്ദേഹം അനുമോദിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം 888 ലോക്സഭ അംഗങ്ങളെ ഉള്‍ക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: