അപകര്‍ഷബോധം ഒരു വ്യക്തിക്കായാലും കുടുംബത്തിനായാലും സമുദായത്തിനോ രാഷ്ട്രത്തിനോ ആയാലും പരാജയം ഉറപ്പാണ്. തന്റെ പരാജയത്തിനും അധഃപതനത്തിനും കാരണക്കാര്‍ പുറത്തുള്ള മറ്റാരോ ആണെന്നു കരുതുന്നിടത്തോളം കാലം വിജയം അകന്നുതന്നെ നില്ക്കും. കാരണം അധഃപതനകാരണം മറ്റൊരാളാണെങ്കില്‍ ഉയര്‍ച്ചയ്ക്കും മറ്റുള്ളവര്‍ വിചാരിക്കണമല്ലോ. അതൊരിക്കലും സംഭവിക്കണമെന്നില്ല; സാദ്ധ്യവുമല്ല. അതുകൊണ്ടാണ് അവനവന് അവനവനെ ഉയര്‍ത്തണം, അവനവന് സ്വയം താഴ്ത്തരുത്, എന്തുകൊണ്ടെന്നാല്‍ താന്‍ തന്നെയാണ് തന്റെ മിത്രവും ശത്രുവും എന്ന് അയ്യായിരം കൊല്ലത്തിനപ്പുറം ഭഗവദ്ഗീത പ്രഖ്യാപിച്ചത്.
ഉദ്ധരേദാത്മനാളത്മാനം
നാത്മാനമവസാദയേത്
ആത്മൈവഹ്യാത്മനോ ബന്ധു
രാത്മൈവ രിപുരാത്മന: (6:5)
ഈ ദര്ശനമറിയുന്നയാളായിരുന്നു കവിതിലകന്‍ പണ്ഡിറ്റ് കെ.പി.കറുപ്പന്. വെളുത്തു സുന്ദരനായ ആളിനെ കറുപ്പനെന്നു വിളിച്ചത് ജാതീയതയുടെ സവര്‍ണതകൊണ്ടാണെന്ന് കമ്മ്യൂണിസ്റ്റു നേതാക്കള്‍ പ്രസംഗിക്കുന്നത് നിരവധി തവണ കേട്ടിട്ടുണ്ട്. എന്നാല്‍ ജാതീയതയെ ശക്തിപ്പെടുത്തി അതിലൂടെ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന പതിവു കാപട്യത്തിന്റെ ഒരടയാളമായിരുന്നു ആ ആരോപണം. കറുപ്പന് അച്ഛന് അത്തോപ്പൂജാരി ഇട്ട പേര് ശങ്കരന് എന്നായിരുന്നു; ഭഗവാന് പരമേശ്വരന്റെ പേര്. വീട്ടില്‍ ഇടയ്ക്കു വരാറുണ്ടായിരുന്ന ഒരു തമിഴ് സിദ്ധന് കുട്ടിയെ ലാളിക്കുന്നതിനിടയില്‍ പറഞ്ഞു, ഇവന് കര്‍പ്പനാണ്. കര്‍പ്പനെന്നാല്‍ പഠിപ്പുള്ളവന്. അതു പറഞ്ഞു പറഞ്ഞ് കറുപ്പനായി എന്നു മാത്രം!
കറുപ്പനു പാരമ്പര്യമായി കിട്ടിയ സംസ്കൃത ബോധവും അദ്ദേഹത്തെ അതിവേഗം അറിവിലേക്ക് ആവാഹിച്ചു. കറുപ്പന് ഉന്നതവിദ്യാഭ്യാസം നല്കിയവരെല്ലാം അന്നത്തെ ഭാഷയിലും ഇന്നത്തെ കപട ഭാഷയിലും സവര്‍ണരായിരുന്നു. പ്രധാന വിദ്യാകേന്ദ്രം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കോവിലകം തന്നെയായിരുന്നല്ലോ. മഹാ മഹോപാദ്ധ്യായ ഗോദവര്‍മ്മ ഭട്ടന് തമ്പുരാന്, ശാസ്ത്ര വിശാരദന് വലിയ കൊച്ചുണ്ണിത്തമ്പുരാന്‍, മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ഒക്കെയായിരുന്നു സവര്‍ണത കൊടികുത്തിവാഴുമ്പോഴും കറുപ്പന്റെ മഹാഗുരുക്കന്മാര്. പിന്നീട് രാജര്‍ഷി രാമവര്‍മ്മ മഹാരാജാവിന്റെ നിര്‍ദ്ദേശാനുസരണം രാമപ്പിഷാരടിയുടെ ശിഷ്യത്വവും നേടി. കോവിലകത്തെ പണ്ഡിതര്‍ മുഴുവന്‍ കറുപ്പനെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന് തന്നെ കൊടുത്താല്‍ മതിയെന്ന് എല്ലാവരുംകൂടി തീരുമാനിച്ചത് കറുപ്പന് മാസ്റ്ററോടുള്ള അവരുടെ മനോഭാവവും കാരുണ്യവും എടുത്തുകാണിക്കുന്നതാണ്.
സ്വസമുദായത്തെയും അവശതയനുഭവിക്കുന്ന പുലയ സമുദായത്തെയും നവീകരിക്കാനും ഉയര്‍ത്തിയെടുക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ ഏറെ മാതൃകാപരമായിരുന്നു. വിപ്ലവമെന്നാല്‍ ചോരപ്പുഴയൊഴുക്കി സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കലല്ലെന്ന് മഹാഗുരുവിന്റെ ഉയര്‍ച്ചയും ഹൃദയവിശാലതയും നേടിയ കറുപ്പന് മനസ്സിലാക്കിയിരുന്നു. നന്മയുടെ തിരിവെട്ടത്തില്‍ ഹൃദയ പരിവര്‍ത്തനമാണ് യഥാര്‍ത്ഥ വിപ്ലവമെന്ന് അദ്ദേഹം കണ്ടറിഞ്ഞു. അതിന്റെ ഉദാഹരണമായിരുന്നു വഴിനടക്കാനുള്ള സ്വാതന്ത്ര്യം പുലയ സഹോദരങ്ങള്‍ക്കു നേടിക്കൊടുത്ത തന്ത്രപരമായ ശൈലി.
കായല്‍തീരത്ത് കാര്‍ഷിക വിപണനമേള നടക്കുമ്പോള്‍ അവശ സമുദായക്കാരെ സംഘടിപ്പിച്ച് ഒരിടത്ത് ഒരുക്കി നിര്‍ത്തി. കറുപ്പന് മഹാരാജാവിനോട് സങ്കടം പറഞ്ഞു, ഈ ഉല്‍പ്പന്നങ്ങളെല്ലാം ഉണ്ടാക്കിയവര്‍ക്ക് അതു കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ! ഉടന്‍ രാജാവ് അനുമതി നല്കി. സംഘടിപ്പിച്ചു നിര്‍ത്തിയിരുന്ന കരിവീട്ടിയുടെ കാതലുകള്‍ പൊതുവഴിയിലൂടെ നടന്നുവന്ന് പ്രദര്‍ശനം കണ്ടു. അങ്കവും കണ്ട് താളിയുമൊടിച്ചതു പോലെ കാര്യങ്ങള്‍ കലശല് കൂടാതെ കഴിഞ്ഞു.
ഇത്തരുണത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പാലിയത്ത് കാട്ടിക്കൂട്ടിയ കലാപവും രക്തസാക്ഷിയെ ഉണ്ടാക്കിയതും കൂട്ടി വായിക്കാവുന്നതാണ്. പി.കെ. ഡീവറിന്റെ നേതൃത്വത്തിലായിരുന്നു പാലിയം സമരസമിതി സംഘടിപ്പിച്ചിരുന്നത്. നിരന്തര സമരത്തിന്റെ ഭാഗമായി വഴി നടക്കാനുള്ള സ്വാതന്ത്ര്യം മഹാരാജാവ് ഉറപ്പുനല്‍കി. അതിനുള്ള തീയതിയും നിശ്ചയിച്ചു. അതേസമയം സ്വാതന്ത്ര്യ സമരത്തിനെതിരായി പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജനങ്ങളുടെ ആട്ടും തുപ്പുമേറ്റ് നാണംകെട്ട്, അവരാല്‍ ആട്ടിയകറ്റപ്പെട്ടു കഴിയുകയായിരുന്നു. എങ്ങനെയും ഒരു രക്തസാക്ഷിയെ സൃഷ്ടിച്ചെടുക്കുക മാത്രമായിരുന്നു പരിഹാരം.
സമരനായകനറിയാതെ പാര്‍ട്ടി യോഗം വിളിക്കുകയും പാലിയത്തേക്ക് ജനങ്ങളെ വിളിച്ചുവരുത്തി സമരമുഖം സംഘര്‍ഷഭരിതമാക്കുകയും ചെയ്തു. പോലീസ് നടപടിയില്‍ അവര്‍ക്ക് രക്തസാക്ഷിയെയും കിട്ടി! സാമൂഹിക പരിഷ്ക്കരണത്തിന്റെ ഭാരതീയ മാതൃക (കേരളത്തിലും) സംഘര്ഷത്തിന്റേതായിരുന്നില്ല. കറുപ്പന് മാസ്റ്റര്‍ നടത്തിയ എല്ലാ പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളും സമവായത്തിന്റേതായിരുന്നു. എല്ലാം വിജയിക്കുകയും ചെയ്തു. ആ ശൈലിയെപ്പറ്റി പ്രൊഫ: ശങ്കരന് നമ്പ്യാര്‍ രേഖപ്പെടുത്തിയത് ഇങ്ങനെ: ‘കറുപ്പന് ഇക്കാര്യത്തില്‍ രംഗപ്രവേശം ചെയ്തത് അണിയറയില്‍ നിന്നുതന്നെ അലറിക്കൊണ്ടു പാഞ്ഞെത്തുന്ന ദുശ്ശാസനാദികളായ ചുകന്ന താടികളുടെ ഭയാനകരൂപത്തിലല്ല; കാര്യം കാണുന്ന പ്രശാന്തവും സൗമ്യവുമായ രൂപത്തിലാണ്. ‘ഇന്ന് ചുവന്ന താടിക്കാരായ ദുശ്ശാസനന്മാര് നവോത്ഥാന നായകരുടെ വേഷത്തില്‍ അലറിത്തുള്ളുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. അക്രമമാണ് മാര്‍ഗം. ഭയപ്പെടുത്തലാണ് ശൈലി. അധികാരമാണ് ലക്ഷ്യം. അത് നവോത്ഥാനമല്ല, അരാജകവാദമാണ്.
കുടുംബത്തിന്റെ വിളക്കായി സ്ത്രീയെ കണ്ടിരുന്ന കറുപ്പന് ഇന്നത്തെ ചിലരുടെ ഭാഷയില്‍ സ്ത്രീവിരോധിയാവും. കാര്‍ത്ത്യായനി കൃഷ്ണന് ദമ്പതികള്‍ക്കുള്ള വിവാഹമംഗളാശംസയില്‍ രേഖപ്പെടുത്തിയതിങ്ങനെ:
‘…വാലസ്ത്രീകള്ക്കു വേഷം, മൊഴി നിനവിവയില്
ശുദ്ധിയുണ്ടാകുവാനുളളാലംബം സ്ത്രീസമാജം വഴി
ഭവതി വരുത്തീടണം, ധര്‍മ്മ കര്‍മ്മം
നീ ലംഘിക്കാതിരുന്നിടണ,
മിതുവിധമിങ്ങാചരിക്കുന്നതായാല്
നീലപ്പൂഞ്ചായലാളേ! ഭവതിയിലഖിലൈ
ശ്വര്യവും പ്രോല്ലസിക്കും.’
ഭാര്യയുടെ ധര്‍മ്മവും കര്‍മ്മവും ലംഘിക്കരുതെന്ന ഓര്‍മ്മപ്പെടുത്തല്‍ ഇന്നുള്ളവരില്‍ ചിലര്‍ക്ക് അലോസരമുണ്ടാക്കുന്നതല്ലേ? വേഷത്തിലും വാക്കിലും ചിന്തയിലും ശുദ്ധിയുണ്ടായിരിക്കണമെന്ന ആഹ്വാനം സംസ്ക്കാരവും സാമൂഹിക ബോധവുമുള്ള സമൂഹസൃഷ്ടിക്കാവശ്യമായതുകൊണ്ടാണ്.
നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. കാളിയമര്‍ദ്ദനം ഓട്ടംതുള്ളല്‍, ആചാരഭൂഷണം, ദീനസ്വരം, മനുസ്മൃതിയുടെ കുറച്ചു ഭാഗത്തിന്റെ വിവര്‍ത്തനം അടക്കം മുപ്പത്തഞ്ചോളം കൃതികള്‍! അതിലേറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത് ജാതിക്കുമ്മിയും ബാലാകലേശവും ഉദ്യാനവിരുന്നുമാണ്. അഭിമാനവും അഹങ്കാരവും വേര്‍തിരിച്ചറിയാന്‍ അത്ര എളുപ്പമല്ല. അഹങ്കാരലേശമില്ലാതെ, എന്നാല്‍ അഭിമാനം ഒട്ടും അടിയറ വയ്ക്കാതെ പറയാനുള്ളതും ചോദിക്കാനുള്ളതും മുഴുവന്‍ അധികാരസ്ഥാനങ്ങളോട് ചോദിക്കുന്നുണ്ട് കറുപ്പന് ഈ കൃതികളിലൂടെ. ചോദിച്ചതൊക്കെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
ധീവരന്റെ അര്‍ത്ഥം പലരും വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാല്‍ കറുപ്പന്റെ വ്യാഖ്യാനം മുന്‍ചൊന്ന അഭിമാനത്തിന്റെ അടയാളമായിട്ടാണ്. ‘ധീമതാം വരഃ ധീവരഃ’, ബുദ്ധിമാന്മാരില് ശ്രേഷ്ഠന്, അതാണ് ധീവരന്!! ഈ സ്വാഭിമാനമാണ് നമ്മുടെ നവോത്ഥാന നായകര്‍ മുഴുവന്‍ സമൂഹത്തിലും സൃഷ്ടിച്ചത്. വിദ്വേഷമോ വെറുപ്പോ സംഘര്‍ഷമോ അല്ല. അങ്ങനെയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇപ്പോള്‍ ചില ദുശ്ശാസനന്മാര് ഇറങ്ങിത്തിരിച്ചിട്ടുണ്ട്. യഥാര്‍ത്ഥനവോത്ഥാനമെന്ത് എന്നത് മനസ്സിലാക്കാനുള്ള പാഠപുസ്തകമാണ് കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: