ബെംഗളൂരു:കർണാടകയിൽ കൊല്ലപ്പെട്ട ബിജെപി യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിന്റെ ഭാര്യയുടെ താൽക്കാലിക നിയമന ഉത്തരവ് സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി. ദക്ഷിണ കന്നഡ ജില്ലയിലെ സർക്കാർ സർവീസിൽ നിയമച്ച ഉത്തരവാണ് പിൻവലിച്ചിരിക്കുന്നത്. പ്രവീൺ നെട്ടാരുവിന്റെ ഭാര്യ നൂതൻ കുമാരിക്ക് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി വാഗ്ദാനം ചെയ്തിരുന്നു. .
മംഗളൂരുവിൽ ജോലി ചെയ്യാനുള്ള താൽപ്പര്യത്തെക്കുറിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് നൂതന്‍ അഭ്യർത്ഥിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിഭാഗത്തിലേക്ക് മാറ്റി. ഈ ജോലി ഉത്തരവാണ് നിലവിലെ കോൺഗ്രസ് സർക്കാർ പിൻവലിച്ചത്.
സർക്കാരുകൾ മാറുമ്പോൾ താൽക്കാലിക ജീവനക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടാറുണ്ടെന്നും അതാണ് നൂതൻ കുമാരിയുടെ കാര്യത്തില്‍ സംഭവിച്ചതെന്നും ബന്ധപ്പെട്ട അധികൃതർ പറയുന്നു. 2022 ജൂലൈ 26നാണ് അക്രമികളുടെ വെട്ടേട്ട് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. കേസ് ഇപ്പോൾ എൻഐഎ അന്വേഷിക്കുകയാണ്. കൊല്ലപ്പെട്ട ബിജെപി യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിന് ബിജെപി വീട് നിർമ്മിച്ച് നൽകിയിരുന്നു. പ്രവീണിന്റെ പേരില്‍ ഏകദേശം 70 ലക്ഷം രൂപ ചെലവിട്ടാണ് 2800 ചതുരശ്ര അടിയുള്ള വീട് നിർമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: