തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ഭരണതകര്‍ച്ചയ്ക്കുമെതിരെ ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സ്വപ്നജിത് അടക്കമുള്ളവര്‍ക്കും നിരവധി വനിതാ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറയുടെ കൈവിരല്‍ ഒടിഞ്ഞു. ബിജെപി നേമം മണ്ഡലം പ്രസിഡന്റ് ആര്. രാജേഷിനും പട്ടികജാതി മോര്‍ച്ച ജില്ലാ ഐടി സെല്‍ കണ്‍വീനര്‍ പ്രശാന്ത് വഴയിലക്കും ഗുരുതരമായ മുറിവേറ്റു. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പട്ടികജാതി സമൂഹം നേരിടുന്നത് കൊടിയ പീഡനങ്ങളാണെന്ന് അഡ്വ. പി. സുധീര്‍ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ദളിത് വിരുദ്ധ സര്‍ക്കാരാണ് പിണറായി വിജയന് സര്‍ക്കാര്‍. പട്ടികജാതിക്കാരുടെ സംവരണാനുകൂല്യങ്ങള്‍ അട്ടിമറിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലംപ്സംഗ്രാന്റ്, സ്റ്റൈപ്പന്റ് എന്നീ ഇനങ്ങളില്‍ ലഭിക്കേണ്ട കോടിക്കണക്കിന് രൂപ വകമാറ്റി ചെലവഴിക്കുകയാണെന്ന് സുധീര്‍ ആരോപിച്ചു.
ഏഴു വര്‍ഷത്തിനിടയില്‍ 85 പട്ടികജാതിക്കാരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. സ്ത്രീകള്‍ നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു. ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമാണ്. നഗരസഭകളും ത്രിതല പഞ്ചായത്തുകളും പട്ടികജാതി ഫണ്ട് കൊള്ളയടിക്കുകയാണ്. തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ് അന്വേഷണം സിപിഎം നേതാക്കളായ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചിരിക്കുകയാണെന്നും സുധീര്‍ പറഞ്ഞു.
പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. സ്വപ്നജിത്, വൈസ് പ്രസിഡന്റ് അഡ്വ. സന്ദീപ് കുമാര്‍. നേതാളായ രമേശ് കൊച്ചുമുറി. മധുസൂദനന്, പ്രശാന്ത് മുട്ടത്തറ, രാജേഷ്, ജി.എസ്. മഹേഷ്, നിഷാന്ത് വഴയില, പാറയില്‍ മോഹനന്, മഹേഷ് കുര്യാത്തി, കൈമനം മഹേഷ്, കഴക്കൂട്ടം ബാബു, വക്കം സുനില്‍, രതീഷ് പുഞ്ചക്കരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: