തിരുവനന്തപുരം: എംജി സര്‍വകലാശാല വിസിയുടെ താത്കാലിക ചുമതല നല്‍കുന്നതിന് പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കാലാവധി കഴിയുന്ന വിസി ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം തള്ളിയാണ് മൂന്നംഗപട്ടിക ആവശ്യപ്പെട്ടത്.
എംജി സര്‍വകലാശാല നിയമപ്രകാരം പ്രായപരിധി 65 വയസായതിനാല്‍ സാബു തോമസ്സിന് ഒരു ടേം കൂടി അനുവദിക്കുന്നതില്‍ നിയമ തടസമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഇത് ഗവര്‍ണര്‍ തള്ളി. താത്കാലിക ചുമതല നല്കിയാല് മതിയെന്നാണ് ഗവര്‍ണറുടെ തീരുമാനം. സര്‍ക്കാരിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്റെ ഭാഗമായി മൂന്നു സീനിയര്‍ പ്രൊഫസര്‍മാരുടെ പേരു നല്‍കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കുസാറ്റില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ആള്‍ക്കാണ് വിസിയുടെ ചുമതല നല്‍കിയത്. മലയാളം സര്‍വകലാശാലയുടെ ചുമതലകൂടി ഇപ്പോള്‍ എംജി വിസിക്കാണ്. അത് തുടരട്ടെ എന്നാണ് തീരുമാനം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്ന സാബു തോമസിന്റെ നിയമന കാലാവധി നീട്ടി നല്കുന്നതിലുള്ള വൈരുധ്യം ഗവര്‍ണറുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കൂടാതെ കണ്ണൂര്‍ സര്‍വകലാശാലയില്‍ പുനര്‍നിയമന നല്കിയതിനെതിരായുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ വീണ്ടും മറ്റൊരു പുനര്‍നിയമനം നടത്തുന്നതിലും വിയോജിപ്പുണ്ട്.
എംജിയില്‍ നാക് അക്രഡിറ്റേഷന് നടപടിക്രമങ്ങള്‍ നടക്കുകയാണ്. അതിനാല്‍ സാബുതോമസിന്റെ പേര് താത്കാലിക പട്ടികയില്‍ സര്‍ക്കാര്‍ നല്കിയാല് സാബുതോമസിനെ തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. വിസി നിയമനത്തിനുള്ള ഗവര്‍ണറുടെ അധികാരം എടുത്തുകളയുന്ന ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെയും ഒപ്പുവച്ചിട്ടില്ല. ഒമ്പത് സര്‍വകലാശാലയിലേക്ക് വിസിമാരുടെ തെരഞ്ഞെടുപ്പില്‍ നിന്നും സര്‍ക്കാര്‍ വിട്ടുനില്‍ക്കുകയാണ്. ഗവര്‍ണറുടെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലിക വിസിമാര്‍ തുടര്‍ന്നാല്‍ മതി എന്ന നിലപാടിലാണ് സര്‍ക്കാര്‍. എംജി സര്വകലാശാലയില്കൂടി താത്കാലിക ചുമതല വരുന്നതോടെ ഒന്‍പത് സര്‍വകലാശാലകളില്‍ താത്കാലിക വിസിമാരാകും തലപ്പത്തുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: