ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സമര്‍പ്പണത്തിനായി ഇന്ദ്രപ്രസ്ഥമൊരുങ്ങി. രാഷ്ട്രത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന രീതിയിലാകും സമര്‍പ്പണ ചടങ്ങുകള്‍. വീര സവര്‍ക്കറുടെ ജന്മദിനത്തില് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിക്കുമ്പോള്‍ സംന്യാസി ശ്രേഷ്ഠര്‍ അനുഗ്രഹം ചൊരിയും. ചടങ്ങിന് തമിഴ്നാട്ടിലെ 20 ശൈവമഠങ്ങളില് നിന്നുള്ള പുരോഹിതവൃന്ദം മുഖ്യകാര്‍മികത്വം വഹിക്കും.
രണ്ടുഘട്ടമായാണ് പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. നാളെ രാവിലെ ഏഴിന് പ്രത്യേക പൂജകളോടെ ചടങ്ങുകള്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവന്ഷ്, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുക്കും. പൂജകള്‍ക്കു ശേഷം പവിത്രമായ ചെങ്കോല്‍ പ്രധാനമന്ത്രി പുരോഹിതരില്‍ നിന്ന് ഏറ്റുവാങ്ങി ലോക്സഭയ്ക്കുള്ളില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമായി സ്ഥാപിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ ശങ്കരാചാര്യ മഠത്തിലേതുള്‍പ്പെടെയുള്ള സംന്യാസിമാരും മറ്റു മതപണ്ഡിതരും പങ്കെടുക്കും.
പന്ത്രണ്ട് മണിയോടെയാണ് ഔപചാരിക ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെയും സന്ദേശങ്ങള്‍ ചടങ്ങില്‍ വായിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പുറമേ മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്ഷ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ചടങ്ങുകള്‍ അവസാനിക്കും.
നിലവിലെ പാര്‍ലമെന്റംഗങ്ങള്‍ക്കു പുറമേ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍, മുന്‍ ലോക്സഭാ സ്പീക്കര്‍മാര്‍, രാജ്യസഭാ ചെയര്മാന്മാര് എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ചീഫ് ആര്‍ക്കിടെക്റ്റ് ബിമല്‍ പട്ടേല്‍, കെട്ടിടം നിര്‍മിച്ച ടാറ്റ പ്രൊജക്ട്സിനെ പ്രതിനിധീകരിച്ച് രത്തന്‍ ടാറ്റ, എല്ലാ മന്ത്രാലയങ്ങളുടെയും സെക്രട്ടറിമാര്‍, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരെയും ഉദ്ഘാടനത്തിനായി ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: