ഇടുക്കി : കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തളയ്‌ക്കാന്‍ നീക്കവുമായി തമിഴ്‌നാട് വനംവകുപ്പ്. കമ്പം ടൗണിലിറങ്ങിയതില്‍ ജനങ്ങള്‍ ഭീതിയിലാണ്. ടൗണിലിറങ്ങിയ ആന വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. കുങ്കികളെ ഇറക്കി തളയ്‌ക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. മയക്കുവെടിവെച്ച് നീക്കാനും ശ്രമം നടത്തും.
പ്രദേശത്തേയ്‌ക്ക് കുങ്കി ആനകളെ എത്തിക്കാനുള്ള തീരുമാനം തുടങ്ങി. ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടു. കമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആകാശത്തേയ്‌ക്ക് വെടിയുതിര്‍ത്ത് ആനയെകാട്ടിലേക്ക് വിടാനും ശ്രമുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായി ഊര്‍ജിത ശ്രമമാണ് തമിഴ്‌നാട് വനംവകുപ്പ് നടത്തുന്നത്. എസ്പി അടക്കമുള്ള ഉന്നത പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിക്കഴിഞ്ഞു. കുമളി മേഖലയിലുള്ള കേരള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പത്ത് എത്തിയിട്ടുണ്ട്.
തുമ്പിക്കൈയില്‍ മുറിവ്. മുന്‍പ് ചക്കക്കൊമ്പനുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഏറ്റ മുറിവാണിതെന്നാണ് കരുതുന്നത്. പുളിമരത്തോപ്പില്‍ ഒളിച്ചുനില്‍ക്കുന്ന അരിക്കൊമ്പനെ വെടിവെച്ച് തുരത്താന്‍ തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ ശ്രമിച്ചെങ്കിലും ആന അനങ്ങിയില്ല. ലോവര്‍ ക്യാമ്പില്‍നിന്ന് വനാതിര്‍ത്തി വഴിയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്.
കമ്പം ടൗണില്‍നിന്ന് വളരെ ചെറിയ ദൂരമാണ് കേരള അതിര്‍ത്തിയായ കുമളിയിലേക്കും ഇടുക്കിയിലേക്കുമുള്ളത്. നിലവില്‍ ചിന്നക്കനാലിലേക്കുള്ള സഞ്ചാരപാതയിലാണ് അരിക്കൊമ്പനുള്ളത്. കമ്പം ടൗണില്‍നിന്ന് 88 കിലോമീറ്റര്‍ ദൂരമാണ് ചിന്നക്കനാലിലേക്കുള്ളത്. കഴിഞ്ഞ ദിവസം വനം മേഖലായിരുന്ന അരിക്കൊമ്പന്‍ ഇന്ന് കാര്‍ഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. കഴിഞ്ഞദിവസം രാത്രിയില്‍ നടത്തിയ നീണ്ട സഞ്ചാരം വഴിയാണിത് സാധ്യമായത്. ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്‍ കമ്പത്തെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാല്‍ ചിന്നക്കനാലിന് വളരെ അടുത്തെത്തും.
അരിക്കൊമ്പന്‍ കമ്പത്ത് നടത്തിയ പരാക്രമത്തില്‍ അഞ്ച് വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ആന വരുന്നതുകണ്ട് വാഹനത്തില്‍നിന്ന് ഓടിയ ആള്‍ക്കാണ് വീണ് പരിക്കേറ്റത്. ടൗണില്‍ ആനയിറങ്ങിയതോടെ വാഹന അനൗണ്‍സ്‌മെന്റ് അടക്കം നടത്തിയാണ് ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് നിര്‍ദേശിക്കുന്നത്.
കമ്പത്തെ സ്ഥിതി വിലയിരുത്താന്‍ വനം വന്യജീവി വകുപ്പ് മേധാവിക്ക് വനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരിക്കൊമ്പന്‍ മ്പത്ത് ഇറങ്ങിയതോടെ അരിക്കൊമ്പന്‍ മിഷന്‍ പരാജയം ആയിരുന്നെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അരിക്കൊമ്പന്‍ മിഷന്‍ പരാജയമല്ല, കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ആനയെ മാറ്റിയതെന്നും മന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: