കുമളി: ഇന്ന് പുലര്‍ച്ചെ കുമളിയിലെ ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പന് തിരികെ തമിഴ്നാട് വനത്തിലെത്തി. ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിനടുത്തുള്ള കൃഷിയിടങ്ങള്‍ക്ക് സമീപമുള്ള വനത്തിലാണ് അരിക്കൊമ്പന്. ഇവിടെ നിന്ന് വനത്തിലൂടെ ചിന്നക്കനാല്‍ ഭാഗത്തേക്ക് മടങ്ങുകയാണെന്നാണ് സൂചന.
ഇന്ന് പുലര്‍ച്ചെ കുമളിയിലെ ഗാന്ധിനഗര്‍, തേക്കിന്‍കാട്, റോസാപ്പൂക്കണ്ടം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് അരിക്കൊമ്പനെത്തിയത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് വനംവകുപ്പ് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തി. ഇവിടെ നിന്നും തേക്കടി ബോട്ട് ലാന്‍ഡിങ്ങിന് എതിര് വശത്തെ വനത്തിലെത്തിയ ശേഷം തിരികെ തമിഴ്നാട്ടിലേക്ക് നീങ്ങി.
ഉച്ചവരെ പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയ്ക്കുള്ളില്‍. ഇവിടെ നിന്ന് തമിഴ്നാട് അതിര്‍ത്തിയിലേക്ക് നീങ്ങി. തുടര്‍ന്ന് കൊട്ടാരക്കര- ദിണ്ടുക്കല്‍ ദേശീയപാത മുറിച്ച് കടന്ന അരിക്കൊമ്പന് ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിന് സമീപമെത്തി. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ആന ദേശീയപാത മുറിച്ചു കടക്കാനെടുത്ത അരമണിക്കൂര്‍ വനംവകുപ്പ് ഗതാഗതം നിരോധിച്ചു. കുമളിയില്‍ നിന്ന് പന്ത്രണ്ടു കിലോമീറ്ററോളം അകലെയാണിപ്പോള്‍.
ഇവിടെ നിന്ന് വനത്തിലുള്ളിലൂടെ കമ്പംമേടും രാമക്കല്‍മേടും കടന്ന് മതികെട്ടാന്‍ ചോല വനത്തിലെത്താം. അവിടെ നിന്നും ചിന്നക്കനാലില്‍ എളുപ്പത്തിലെത്താം. ഈ ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്. പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നതിനാല്‍ തിരികെ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് എത്താനും സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ലോവര്‍ക്യാമ്പ്, ഗൂഡല്ലൂര്‍ ഭാഗത്തുള്ള ആളുകള്‍ ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: