Categories: Kerala

ത്രികോണാകൃതിയില്‍ നാല് നിലകള്‍, ഭാരതീയ കലകളും പാരമ്പര്യവും പ്രദര്‍ശിപ്പിക്കും; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ വീഡിയോ പുറത്ത്

Published by

ന്യൂദല്‍ഹി : ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പുതിയ വീഡിയോ പുറത്ത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പാര്‍ലമെന്റിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.  

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റേയും സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷത്തിന്റേയും സ്മരണാര്‍ത്ഥം 75 രൂപാ നാണയം പുറത്തിറക്കുന്നുണ്ട്. രാജ്യത്തിനുള്ള ബഹുമാന സൂചകം കൂടെയാകും നാണയമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വൃത്തത്തില്‍ 44 മില്ലിമീറ്റര്‍ വ്യാസമുള്ളതാകും നാണയം. 35 ഗ്രാമുള്ള നാണയം വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവയുടെ കൂട്ടുകൊണ്ടാകും നിര്‍മ്മിക്കുക.  

ഒരുവശത്ത് അശോകസ്തംഭവും ‘സത്യമേവ ജയതേ’ എന്ന് രേഖപ്പെടുത്തിയതിന് താഴെയായി ദേവനാഗിരി ലിപിയില്‍ ‘ഭാരത്’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് വലതു വശത്തായി ഇംഗ്ലീഷില്‍ ഇന്ത്യ എന്ന് രേഖപ്പെടുത്തും. നാണയത്തില്‍ റുപേ ചിഹ്നവും ഉണ്ടാകും. മറുവശത്ത് പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്യുക. ഇതിന് മുകളിലായി ദേവനാഗിരി ലിപിയില്‍ ‘സന്‍സദ് സങ്കുല്‍’ എന്നും താഴെയായി ഇംഗ്ലീഷില്‍ ‘പാര്‍ലമെന്റ് മന്ദിരം’ എന്നും രേഖപ്പെടുത്തും.

ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയുടെ ഭരണം കൈമാറുന്നതിനായി ഉപയോഗിച്ച ചെങ്കോലിനും അര്‍ഹമായ പ്രാധാന്യത്തോടെ പാര്‍ലമെന്റില്‍ സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നാലു നിലകളിലായി 1224 ഇരിപ്പിടങ്ങള്‍, ഭാരതീയ കലകളുടെയും പാരമ്പര്യത്തിന്റെയും മഹിമ തെളിയിക്കുന്ന ദൃശ്യങ്ങളും കെട്ടിടത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 2021 ജനുവരിയില്‍ ആരംഭിച്ച് വെറും 28 മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.  

വീര സവര്‍ക്കറുടെ 140-ാം ജന്മദിനത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്‌ട്രത്തിനു സമര്‍പ്പിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 2020 ഡിസംബര്‍ 10നു പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചത്.  

വിസ്തീര്‍ണം 65,000 ചതുരശ്ര മീറ്റര്‍. പഴയ കെട്ടിടത്തെക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുത്. എംപിമാര്‍ക്കും വിഐപികള്‍ക്കും വെവ്വേറെ പ്രവേശനമുള്ള മൂന്നു വാതിലുകള്‍. പരമാവധി 888 പേര്‍ക്കിരിക്കാവുന്ന  ലോക്സഭാ ഹാള്‍. രാജ്യസഭാ ഹാളില്‍ പരമാവധി 384 പേര്‍ക്കിരിക്കാം. നിലവില്‍ 543 ലോക്സഭാംഗങ്ങളും 245 രാജ്യസഭാംഗങ്ങളുമാണുള്ളതെങ്കിലും ഭാവിയില്‍ എംപിമാര്‍ കൂടിയാലും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് സംവിധാനം.  സംയുക്ത സമ്മേളനങ്ങള്‍ക്കായി, ലോക്സഭാ ഹാളില്‍ 1272 സീറ്റുണ്ട്. ഏറ്റവും മുകളില്‍ കൂറ്റന്‍ അശോക സ്തംഭം. ലോക്‌സഭാ ചേംബറിന്റെ ഉള്‍വശത്ത് ദേശീയപക്ഷി മയിലാണ് പ്രമേയം. രാജ്യസഭാ ചേംബറിന്റെ ഉള്‍വശത്ത് ദേശീയ പുഷ്പം താമരയാണ് പ്രമേയം. സുരക്ഷയുടെ കാര്യത്തിലും ഭദ്രം. ലോഞ്ച്, ലൈബ്രറി, കമ്മിറ്റി ഹാള്‍, കാന്റീന്‍, പാര്‍ക്കിങ് തുടങ്ങിയവയെല്ലാം സജ്ജമാണ്. മന്ദിരത്തിനുള്ളിലായി മുറ്റത്ത് ദേശീയ വൃക്ഷമായ ആല്‍മരം.

ഭരണഘടനയുടെ സവിശേഷതകളും ഭാരതത്തിന്റെ പൈതൃകവും ചിത്രീകരിക്കുന്ന ഭരണഘടനാ ഹാളും ഗാലറിയും ഇതോടൊപ്പമൊരുക്കിയിട്ടുണ്ട്. ദിവ്യാംഗരുടെ സുഗമമായ സഞ്ചാരത്തിനുള്ള സൗകര്യങ്ങളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുണ്ടാകും.  

കടലാസ്രഹിത പാര്‍ലമെന്റില്‍ അത്യാധുനിക ഡിജിറ്റല്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നു. ബ്രിട്ടീഷ് വാസ്തു ശില്‍പ്പികളായ എഡ്വിന്‍ ല്യുട്ടന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും രൂപകല്‍പ്പന ചെയ്തതാണ് ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം. 1927ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അഹമ്മദാബാദ് ആസ്ഥാനമായ എച്ച്സിപി ഡിസൈന്‍ പുതിയ മന്ദിരം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ബിമല്‍ പട്ടേലാണ് കെട്ടിടത്തിന്റെ ആര്‍ക്കിടെക്ട്, ടാറ്റ പ്രൊജക്ട്‌സ് നിര്‍മാതാക്കളും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക