ജനീവ : ആഗോള ആരോഗ്യ പ്രതിസന്ധികളെ ലഘൂകരിക്കുന്നതിലും ഫലപ്രദമായ പ്രതികരണം ഉറപ്പാക്കുന്നതിലും സഹകരണ ഗവേഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ. സുസ്ഥിരമായ വാക്സിന് ഗവേഷണത്തിനും വികസനത്തിനും ഒപ്പം സുരക്ഷിതവും ഫലപ്രദവും താങ്ങാനാവുന്ന വിലയ്ക്കുളള വാക്സിന് എല്ലാവര്ക്കും ലഭ്യമാക്കുന്നതില്‍ ബ്രിക്സ് വാക്സിന് ഗവേഷണ വികസന കേന്ദ്രത്തിന് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനീവയില്‍ നടക്കുന്ന ലോകാരോഗ്യ സഭയുടെ ഭാഗമായി 2023-ലെ ബ്രിക്സ് ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. മന്‍സുഖ് മാണ്ഡവ്യ . ബ്രിക്സ് അംഗരാജ്യങ്ങളായ ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
വാക്സിനുകള്‍, ചികിത്സ, രോഗ നിര്‍ണയം എന്നിവയുടെ വികസനത്തില്‍ വര്‍ദ്ധിച്ച സഹകരണത്തിന്റെയും സമന്വയത്തിന്റെയും ആവശ്യകത കോവിഡ് മഹാമാരിയിലൂടെ വ്യക്തമായെന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 2025 ഓടെ ക്ഷയരോഗം ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഡോ. മാണ്ഡവ്യ പങ്കുവച്ചു.സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി കൈവരിക്കാന്‍ നിശ്ചയിച്ചിട്ടുളള ലക്ഷ്യം അഞ്ച് വര്‍ഷം മുന്നേ തന്നെ കൈവരിക്കുകയാണ്.ചികിത്സയില്‍ മാത്രമല്ല, സമൂഹ പിന്തുണയിലൂടെ പോഷകാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സമഗ്രമായ സംരംഭങ്ങള്‍ ഇന്ത്യ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ആരോഗ്യ സംരക്ഷണ മേഖലയുടെ പരിവര്‍ത്തനത്തിനായി മാണ്ഡവ്യ മൂന്ന് പ്രധാന അജണ്ടകള്‍ വിശദീകരിച്ചു: ആരോഗ്യ സംരക്ഷണ അടിയന്തര തയ്യാറെടുപ്പ്, മെഡിക്കല്‍ പ്രതിരോധ നടപടികളിലേക്ക് എല്ലാവര്ക്കും തുല്യമായ പ്രവേശനം, ഡിജിറ്റല്‍ ആരോഗ്യം എന്നിവയാണ് മന്ത്രി ഉയര്‍ത്തിക്കാട്ടിയത്.സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ മെഡിക്കല്‍ പ്രതിരോധ നടപടികളിലേക്ക് എല്ലാര്ക്കും പ്രാപ്യമായ സേവനം ഉറപ്പാക്കാന്‍ ഒരു ആഗോള മെഡിക്കല്‍ പ്രതിരോധ സംവിധാനത്തിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: