ഭോപാല്: സിവില് സര്വീസ് പരീക്ഷയില് ഒരേ റാങ്കിന് അവകാശവാദവുമായി രണ്ട് പേര്. 184-ാം റാങ്കിനാണ് ഇപ്പോള് രണ്ട് അവകാശികള് ഉള്ളത്, അതും ഒരേ പേരിലും ഓരേ റോള് നമ്പറിലും ഉള്ളവര്. മധ്യപ്രദേശിലാണ് ഈ അപൂര്വ സംഭവം. ചൊവ്വാഴ്ചയാണ് യുപിഎസ്സി പരീക്ഷാഫലം പ്രഖ്യാപിച്ചത്.
ആയിഷ എന്ന പെണ്കുട്ടിക്കാണ് 184-ാം റാങ്ക് ലഭിച്ചത്. ഇതിനാണ് അവകാശവാദവുമായി രണ്ട് ആയിഷമാരും രംഗത്ത് വന്നത്. ദേവാസ് ജില്ലയില് നസീറുദ്ദീന്റെ മകള് ആയിഷ ഫാത്തിമയും അലിരാജ്പൂര് ജില്ലയിലെ സലിമുദ്ദീന്റെ മകള് ആയിഷ മക്രാനിയുമാണ് ഒരേ റാങ്കില് അവകാശവാദം ഉന്നയിച്ചത്. എന്നാല് പെണ്കുട്ടികള്ക്ക് അനുവദിച്ചിരിക്കുന്നതും ഒരേ റോള് നമ്പര്, 7811744. ക്യു ആര് കോഡ് അടക്കം ഒരേപോലെ. പരീക്ഷയെഴുതിയെന്നും ഇന്റര്വ്യൂവിന് ഹാജരായെന്നും രണ്ട് പെണ്കുട്ടികളും അവകാശപ്പെടുന്നു. എന്നാല് ഏതാണ് കൃത്യമായുള്ളതെന്ന് കണ്ടെത്താനായിട്ടില്ല. ആയിഷ മക്രാനിയുടെ അഡ്മിറ്റ് കാര്ഡില് വ്യക്തിത്വ പരീക്ഷയുടെ തീയതി ഏപ്രില് 25 വ്യാഴം എന്നും ആയിഷ ഫാത്തിമയുടേതില് 25 ചൊവ്വയെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അഡ്മിറ്റ് കാര്ഡില് യുപിഎസ്സിയുടെ വാട്ടര് മാര്ക്ക് അടക്കം എല്ലാം രണ്ടിലും കൃത്യമാണ്.
എന്നാല് ഒരേ റോള് നമ്പറും ക്യു ആര് കോഡും വരാനിടയില്ലെന്നും സിസ്റ്റത്തില് തെറ്റുപറ്റിയിട്ടില്ലെന്നും അതിലൊന്ന് വ്യാജമായിരിക്കുമെന്നും ഉദ്യോഗസ്ഥര് പറഞ്ഞു. പ്രശ്നം നിലനില്ക്കുമ്പോഴും ഇരുകുടുംബങ്ങളും മക്കള്ക്ക് ഐഎഎസ് കിട്ടിയ ആഘോഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: