ഇംഫാല്‍: മണിപ്പൂരില്‍ മെയ്തെയ്-കൂകി ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷം. അക്രമത്തിനിടെ ബിഷ്ണുപൂര്‍ ജില്ലയില്‍ 29കാരന് വെടിയേറ്റു മരിച്ചു. മറ്റൊരാക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്നും മൂന്ന് ദിവസം അവിടെ തങ്ങി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സമാധാനത്തോടെയിരിക്കാനും ചര്‍ച്ചയിലൂടെ എല്ലാത്തിനും പരിഹാരം കാണാമെന്നും മണിപ്പൂരിലെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ബിഷ്ണുപൂരിലെ മൊയ്റാംഗിലെ ഗ്രാമങ്ങളില്‍ ആയുധധാരികളായ യുവാക്കള്‍ ആക്രമണം നടത്തിയതായി പോലീസ് പറഞ്ഞു. പുറത്തെന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്നവര്‍ പുറത്തിറങ്ങി. ഇതിനിടെയാണ് തോയ്ജാം ചന്ദ്രമണിക്ക് (29) വെടിയേറ്റത്. ചന്ദ്രമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചന്ദ്രമണിയുടെ മരണത്തെത്തുടര്‍ന്ന്, പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായി. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ അക്രമികള്‍ മൂന്ന് വീടുകള്‍ കത്തിച്ചതിന്റെ പ്രതികാരമായി മറ്റൊരു സമുദായത്തിലെ യുവാക്കള്‍ നാലു വീടുകള്‍ കത്തിച്ചു.
സംസ്ഥാനത്തെ 16 ജില്ലകളില്‍ പതിനൊന്നിലും അക്രമം ബാധിച്ചതോടെ മെയ് മൂന്ന് മുതല്‍ ഇവിടെ സംഘര്‍ഷം രൂക്ഷമാണ്. അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
സംഘര്‍ഷ മേഖലകളില്‍ സൈന്യം, അസം റൈഫിള്‍സ്, ടെറിട്ടോറിയല്‍ ആര്‍മി എന്നിവയെ വിന്യസിച്ചു. ആവര്‍ത്തിച്ചുള്ള അക്രമങ്ങള്‍ നേരിടാന്‍ കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് പറഞ്ഞു.
അക്രമത്തില്‍ ഇതുവരെ 71 പേര് കൊല്ലപ്പെട്ടു. പോലീസുകാരുള്‍പ്പെടെ 300 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 1,700 വീടുകള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: