ജ്യോതിഷ ഭൂഷണം
എസ്. ശ്രീനിവാസ് അയ്യര്‍
ശുഭഗ്രഹങ്ങള്‍ വ്യാഴം, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍ എന്നിവര്‍. അതില്‍ തന്നെ ബുധന്‍ ശുഭന്മാരോടൊപ്പമോ, തനിച്ചു നില്‍ക്കുമ്പോഴോ മാത്രം ശുഭന്‍. പക്ഷബലമനുസരിച്ചാണ് ചന്ദ്രന്റെ ശുഭാശുഭത്വം.
ശനി, ചൊവ്വ, രാഹു, കേതു, സൂര്യന്‍ എന്നിവ പാപഗ്രഹങ്ങള്‍.
‘ശുഭഗ്രഹങ്ങള്‍ വാഗീശന്‍/
ഭൃഗുച്ചാന്ദ്രി ശശാങ്കനും/
പാപഗ്രഹങ്ങള്‍ ഭൗമാര്‍ക്കി/
രാഹുകേതു ദിവാകര’
എന്ന ലളിതമായ ശ്ലോകം ശുഭപാപന്മാരെ കുറിക്കുന്നതാണ്. ഇവരെ നിസര്‍ഗ ശുഭന്മാര്‍, നിസര്‍ഗ പാപന്മാര്‍ എന്നിങ്ങനെ പറയുന്നു. ശുഭത്വവും പാപത്വവും സ്വാഭാവികമായി ഇവരിലുണ്ട്. പിന്നീട് സാഹചര്യങ്ങള്‍ മാറുമ്പോള്‍ ഗ്രഹങ്ങളുടെ പ്രകൃതവും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു എന്നും ഊഹിക്കാം.
ഇങ്ങനെ ഇരുകൂട്ടര്‍ പക്ഷം തിരിഞ്ഞുനില്‍ക്കുന്ന ദേവാസുരയുദ്ധമായി ജീവിതത്തെ കാണുന്ന സങ്കല്പമാണ് ജ്യോതിഷത്തിലുളളതെന്നാണ് പൊതുവേ നമ്മുടെ ബോധ്യം. സൂക്ഷ്മമായി ചിന്തിക്കുമ്പോള്‍ ശുഭന്‍ പാപനും, പാപന്‍ ശുഭനും ഒക്കെയായി മാറിമറിയുന്നുണ്ടെന്നും കാണാം. മനുഷ്യരും അങ്ങനെ തന്നെയല്ലേ? കൂരിരുട്ടിലുമില്ലേ, ഒരു സ്ഫുടപ്രകാശതാരം? പൗര്‍ണമിയിലുമില്ലേ, ഒരു അപൂര്‍ണബിന്ദു?
ചില ലഗ്നങ്ങള്‍ക്ക് ദൈവതുല്യനായി കരുതപ്പെടുന്ന വ്യാഴം അശുഭനും പാപനും ആയിത്തീരുന്നുവെന്ന് പ്രമാണഗ്രന്ഥങ്ങളില്‍ വായിക്കാം. ഉദാഹരണമായി ഇടവം, തുലാം എന്നീ ലഗ്നങ്ങളുടെ കാര്യം നോക്കാം. ഇടവം ലഗ്നത്തില്‍ ജനിച്ചവര്‍ക്ക് അനിഷ്ടസ്ഥാനമായ അഷ്ടമത്തിന്റെ അധിപനാണ് വ്യാഴം. തുലാം ലഗ്നക്കാര്‍ക്കും ദുസ്ഥാനാധിപനാണ് വ്യാഴം. മൂന്ന്, ആറ് എന്നിവയുടെ ആധിപത്യം വ്യാഴത്തിനുണ്ട്. മകരം, കുംഭം (യഥാക്രമം 3,12 എന്നിവയുടെയും 2,11 എന്നിവയുടെയും) ലഗ്നങ്ങള്‍ക്കും വ്യാഴം ഒട്ടൊക്കെ ദോഷപ്രദനാണ്.
ജ്യോതിഷം അറിയുന്നവരും ഒട്ടും അറിയാത്തവരും ഉപയോഗിക്കുന്ന വാക്കുകളാണ് ബാധ, ബാധാരാശി, ബാധാഗ്രഹം തുടങ്ങിയ കനമുള്ള പദങ്ങള്‍. കന്നി, മിഥുനം എന്നീ രണ്ടു രാശികള്‍ക്ക് അവയുടെ ഏഴാം രാശിയുടെ (യഥാക്രമം മീനം, ധനു) അധിപനായ വ്യാഴമാണ് ബാധക സ്ഥാനാധിപന്‍. പ്രതിലോമ കാര്യങ്ങളുടെ കര്‍ത്താവാണ് ബാധകാധിപ ഗ്രഹം.
3,5,7 ആയി വരുന്ന നക്ഷത്രങ്ങളുടെ അധിപന്മാര്‍ (മകയിരം, ചിത്തിര, അവിട്ടം എന്നീ നാളുകാര്‍ക്ക് വ്യാഴം മൂന്നാം നാളിന്റെ നാഥന്‍, കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നാളുകാര്‍ക്ക് വ്യാഴം അഞ്ചാം നാളിന്റെ നാഥന്‍, അശ്വതി, മകം, മൂലം നാളുകാര്‍ക്ക് വ്യാഴം ഏഴാം നാളിന്റെ അധിപന്‍) ആയ ഗ്രഹങ്ങള്‍, 88,108 പാദങ്ങളുടെ അധിപന്മാര്‍ ആയ ഗ്രഹങ്ങള്‍, ഇരുപത്തി മൂന്നാം നക്ഷത്രത്തിന്റെ അധിപനായ ഗ്രഹം, ഇരുപത്തിരണ്ടാം ദ്രേക്കാണാധിപനായ ഗ്രഹം, ലഗ്നത്തിന്റെ അഷ്ടമാധിപന്‍ എന്നിങ്ങനെയുള്ളവ അശുഭങ്ങള്‍ക്ക് കാരണമാകുന്ന ഗ്രഹങ്ങള്‍ ആണെന്നാണ് നിയമങ്ങള്‍ പറയുന്നത്. അവയുടെ അധിപന്മാരാകുമ്പോള്‍ ശുഭന്മാരുടെ നിസര്‍ഗശുഭത്വം നഷ്ടമായി പാപഗ്രഹങ്ങളെപ്പോലെ പ്രവര്‍ത്തിച്ചു പോവുകയായി!
കറകളഞ്ഞ പാപഗ്രഹങ്ങള്‍ ശുഭഗ്രഹങ്ങളുടെ ഫലത്തിലേക്ക് ഉയരുന്ന സ്ഥിതിയുമുണ്ട്. കര്‍ക്കടകം, ചിങ്ങം ലഗ്‌നക്കാര്‍ക്ക് ചൊവ്വയും തുലാം, ഇടവം ലഗ്നക്കാര്‍ക്ക് ശനിയും യോഗകാരകന്മാരാണ്. ഉന്നതഫലദാതാക്കള്‍ എന്നാണ് ആ വാക്കിന്റെ പൊരുള്‍.
ജീവിതം കലര്‍പ്പുകളുടേതാണ്. നന്മ ചിലപ്പോള്‍ തിന്മയാകുന്നു. ആസുരം ചിലപ്പോള്‍ ദൈവികം ആകുന്നു. വെള്ളം ചേര്‍ക്കാത്ത കള്ളറകളിലൊതുക്കാനാവില്ല, ഒന്നിനെയും. പുറംകൈ കൊണ്ട് തള്ളിമാറ്റപ്പെടുന്നത്, അനുഗ്രഹഹസ്തങ്ങളുമായി വരാം. ജീവിതത്തിന്റെ ആ ദാര്‍ശനികത നവഗ്രഹചിന്തയിലും സ്പഷ്ടമാണ് എന്നാണ് എന്റെ എളിയ ബോധ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: