വാഷിംഗ്ടണ്‍: അമേരിക്കയില്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാനുളള മത്സരത്തിന് താനുമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്. പ്രചാരണ വീഡിയോ, ട്വിറ്റര്‍ സി ഇ ഒ ഇലോണ്‍ മസ്കുമായി ഒരു മണിക്കൂര്‍ തത്സമയ അഭിമുഖം എന്നിവയ്ക്കൊപ്പമാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഇതിന് മുമ്പ്, ഡിസാന്റിസ് ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കടലാസ് പണികള്‍ പൂര്‍ത്തിയാക്കി.അടുത്ത വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോ ബൈഡനെ നേരിടാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഏറ്റവും വലിയ വെല്ലുവിളിയായി ഡിസാന്റിസ് മാറുമെന്നാണ് കരുതപ്പെടുന്നത്.
സെനറ്റര്‍ ടിം സ്കോട്ട്, ഐക്യരാഷ്ട്രസഭയിലെ മുന്‍ പ്രതിനിധി നിക്കി ഹേലി, സംരംഭകന് വിവേക് രാമസ്വാമി എന്നിവരാണ് മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്ത്ഥിപദ മോഹികള്‍. ട്രംപിന്റെ കീഴില്‍ സേവനമനുഷ്ഠിച്ച മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ആദ്യ റിപ്പബ്ലിക്കന്‍ പ്രൈമറി 2024 ന്റെ തുടക്കത്തില്‍ അയോവയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: