പത്തനംതിട്ട : പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ കേസിലെ പ്രധാന പ്രതി നാരായണന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. പൊന്നമ്പല മേട്ടില്‍ പൂജ ചെയ്യുന്നതിന്റെ ചിത്രങ്ങളും മറ്റും പുറത്ത് വരുകയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ നാരായണന് ഒളിവില്‍ പോയതാണ്. ഇയാള്‍ക്കായി അന്വേഷണം നടത്തി വരികയാണ്.
പത്തനംതിട്ട സെഷന്‍സ് കോടതിയിലാണ് നാരായണന് ജാമ്യാപേക്ഷ നല്‍കിയത്. ഈമാസം എട്ടിനാണ് നാരായണന് പൊന്നമ്പല മേട്ടില്‍ അഞ്ചംഗ സംഘത്തിനൊപ്പം എത്തിയത്. തമിഴ്നാട്ടില്‍ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. വനം വകുപ്പ് ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കിയാണ് നാരായണനും സംഘവും പൊന്നമ്പലമേട്ടില്‍ പ്രവേശിച്ചത്. ഇവര്‍ പൂജ നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇതുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘത്തിന് സഹായങ്ങള്‍ ചെയ്ത് നല്കിയ വനം വികസന കോര്പ്പറേഷന് ജീവനക്കാരായ രാജേന്ദ്രന്, സാബു, ഇടനിലക്കാരന് ചന്ദ്രശേഖരന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി വരികയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ പ്രവേശിക്കുന്നതിന് ഹൈക്കോടതി നിയന്ത്രണവും ഏര്‍പ്പെടുത്തി. പൊന്നമ്പല മേട്ടില്‍ അനധികൃത പൂജ നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസിനോട് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: