ന്യൂദല്‍ഹി : ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് മാത്രമല്ല, ഭരണ പ്രതിപക്ഷാംഗങ്ങളും ഒറ്റക്കെട്ടായി പങ്കെടുത്തു. ഇതാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ബഹിഷ്കരിക്കുമെന്ന പ്രതിപക്ഷ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.
സിഡ്നിയില്‍ നടന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രിയുള്‍പ്പടെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുത്തു. ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത്. ഇന്ത്യ ഇന്നെന്ത് ചിന്തിക്കുന്നുവെന്ന് അറിയാന്‍ ലോകത്തിന് മുഴുവന്‍ താത്പര്യമുണ്ട്.
ചിലര്‍ എന്തിനാണ് താന്‍ ലോക രാജ്യങ്ങള്‍ക്ക് വാക്സിന് നല്‍കിയതെന്ന് ചോദിച്ചു. ഇത് ബുദ്ധന്റേയും ഗാന്ധിയുടേയും നാടാണെന്നാണ് അവരോട് തനിക്ക് മറുപടി പറയാനുള്ളത്. ശത്രുക്കളെപ്പോലും നമ്മള് കരുതലോടെയാണ് കാണുന്നത്. രാജ്യത്തിന്റെ സംസ്കാരത്തെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ലോകത്തിന്റെ കണ്ണില്‍ നോക്കി സംസാരിക്കുന്നു. വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ നിങ്ങള്‍ ഭരണത്തിലെത്തിച്ചതുകൊണ്ടാണ് ഈ ആത്മവിശ്വാസം ലഭിക്കുന്നത്. ഇവിടെ വന്നവരെല്ലാം ഇന്ത്യയെ സ്നേഹിക്കുന്നവരാണ്, മോദിയേയല്ലെന്നും പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അറിയിച്ചു.
തമിഴ് നമ്മുടെ ഭാഷയാണ്. അത് ഓരോ ഇന്ത്യന്റേയും ഭാഷണയാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷ. പപ്പുവ ന്യൂഗിനിയയില്‍ തിരുക്കുറലിന്റെ ടോക്പിസിന്‍ പരിഭാഷ പുറത്തിറക്കാന്‍ തനിക്ക് അവസരമുണ്ടായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജപ്പാന്, പപ്പുവാ ന്യൂഗിനിയ, ഓസ്ട്രേലിയ എന്നീ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം മോദി വ്യാഴാഴ്ച രാവിലെയാണ് ദല്‍ഹിയില്‍ തിരിച്ചെത്തിയത്. പാലം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ മോദിയെ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: