തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന് തെരഞ്ഞെടുപ്പ് ലിസ്റ്റില്‍ എസ്എഫ്ഐ നേതാവ് ആള്‍മാറാട്ടം നടത്തി കടന്ന് കൂടിയത് ഒറ്റപ്പെട്ടസംഭവം. ആള്‍മാറാട്ടം നടന്നതിന്റെ ഉത്തരവാദിത്തം കോളേജ് പ്രിന്‍സിപ്പലിനാണെന്നും മന്ത്രി ആര്. ബിന്ദു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
സുതാര്യമായാണ് സംസ്ഥാനത്ത് വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. കാട്ടാക്കടയിലേത് ഒറ്റപ്പെട്ട സംഭവം മാത്രമാണ്. കേരളത്തിന്റെ പൊതു പശ്ചാത്തലമാണ് ഇതെന്ന് കരുതരുത്. യൂണിയനുകളെ ഇകഴ്ത്തി കാണിക്കുന്നതിനായുള്ള പ്രചരണങ്ങളില്‍ അടിസ്ഥാനമില്ല. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഷയം ഗുരുതരമായാണ് കാണുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതികരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടേയും പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. യൂണിയന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നതു ഭീകരമായ അവസ്ഥയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സര്‍വകലാശാലാ തെരഞ്ഞെടുപ്പുകളിലും ഇനി സൂക്ഷ്മ പരിശോധന നടത്തും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സര്‍വകലാശാലയ്ക്കു നല്‍കിക്കഴിഞ്ഞെന്നുമാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.
അതേസമയം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഷൈജു, ആള്‍മാറാട്ടം നടത്തിയ എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തതായി കേരള സര്‍വ്വകലാശാലയും അറിയിച്ചിട്ടുണ്ട്. കോളേജ് മാനേജ്മെന്റ് വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി മൂന്നംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: