ന്യൂദല്‍ഹി : സംസ്ഥാനത്ത് യൂണിയന്റെ ബലത്തില്‍ നിയമം കൈയ്യിലെടുക്കുകയാണെന്ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നതു ഭീകരമായ അവസ്ഥയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്ഐ നേതാവിന്റെ ആള്‍മാറാട്ടത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സര്‍വകലാശാല തെരഞ്ഞെടുപ്പുകളിലും ഇനി സൂക്ഷ്മ പരിശോധന നടത്തും. ഇതു സംബന്ധിച്ച നിര്‍ദേശം സര്‍വകലാശാലയ്ക്കു നല്‍കിക്കഴിഞ്ഞു. നിലവിലത്തേത് മാത്രമല്ല മുമ്പ് നടന്നവയിലും സൂക്ഷ്മ പരിശോധന നടത്തണമെന്നാണ് താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
യൂണിയന് തെരഞ്ഞെടുപ്പ് വിഷയം അതീവ ഗൗരവമാണ്. നിയമം കയ്യിലെടുക്കുന്ന അവസ്ഥ അപകടകരമാണ്. ഇത്തരത്തില്‍ ആരെങ്കിലും മുമ്പ് ചെയ്തിട്ടുണ്ടെങ്കില്‍ അവയും പുറത്തുവരണം. താനൊരു സംഘടനയുടെ അംഗമാണെന്നും എന്തുചെയ്താലും നിയമം ലംഘിച്ചാലും ആ സംഘടന പിന്തുണയ്ക്കുമെന്നുമുള്ള ധാരണ ശരിയല്ല. സര്‍വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
കേരളം വിദ്യാഭ്യാസ മേഖലയില്‍ മികച്ചതാണ്.നാലു വര്‍ഷത്തെ കോഴ്സ് തീരാന്‍ അഞ്ചുവര്‍ഷത്തെ സമയം എടുക്കുന്നതെന്തുകൊണ്ടാണ്. പത്തും പ്ലസ്ടുവും കഴിഞ്ഞ് മികവുള്ള കുട്ടികള്‍ കേരളത്തിനു പുറത്തേക്കു പോകുന്നു. കേരളത്തില്‍ നാലുവര്‍ഷത്തെ കോഴ്സിന് അഡ്മിഷനെടുത്താല്‍ കുറഞ്ഞത് അഞ്ചരവര്‍ഷം കൊണ്ടേ അതു പൂര്‍ത്തിയാകുകയുള്ളൂവെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം പൊതുതാല്പര്യം കണക്കിലെടുത്തുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിതാത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പ് വയ്ക്കില്ല. പൊതു താത്പര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും ഡോക്ടര്‍മാരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതുമായുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കുമെന്നും ആരിഫ് മുഹമ്മദ് ഖാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: