ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) പ്ലേഓഫിലേക്ക് അവസാന റൗണ്ട് ലീഗ് പോരാട്ടങ്ങളില്‍ നാടകീയമായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് ടീമുകള്‍ തമ്മില്‍ ഇന്ന് എലിമിനേറ്റര്‍ മത്സരത്തിനിറങ്ങും. പേരുപോലെ തന്നെ പുറത്താകുന്ന ടീന്റെ ഐപിഎല്‍ 16-ാം സീസണ് പ്രയാണം നിലയ്ക്കും. ജയിക്കുന്നവര്‍ക്ക് ഫൈനലിലെത്താന്‍ പിന്നെയും ഒരു കടമ്പ കൂടി താണ്ടണം. ഇന്നലെ നടന്ന ക്വാളിഫയര്‍ വണില്‍ തോറ്റവരുമായി വെള്ളിയാഴ്ച ജയിക്കണം. പരിചയ സമ്പന്നനായ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും അവിചാരിതമായി നായക പദവിയിലേക്കെത്തിയ ക്രുണാല്‍ പാണ്ഡ്യയുടെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലാണ് എലിമിനേറ്റര്‍ പോരാട്ടം.
ലീഗ് റൗണ്ട് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈയ്ക്കൊപ്പം 17 പോയിന്റ് നേടിയാണ് ലഖ്നൗ പ്ലേ ഓഫിനെത്തിയത്. റണ്‍റേറ്റിന്റെ ബലത്തില്‍ ചെന്നൈ രണ്ടാമതായി ക്വാളിഫയര്‍ വണ്‍ കളിക്കാന്‍ യോഗ്യരായി. മൂന്നാം സ്ഥാനത്തായി പോയ ലഖ്നൗ നാലാമതെത്തിയ മുംബൈ ഇന്ത്യന്‍സുമായി ഇന്ന് എലിമിനേറ്റര്‍ കളിക്കും.
പ്ലേഓഫിലെത്തിയ നാടകീയത
ലഖ്നൗവിന് നിര്‍ണാക ജയം വേണ്ടിയിരുന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് യോഗ്യത നേടിയത്. ജയിച്ചാല്‍ പ്ലേഓഫിലെത്തുമെന്ന് ഉറപ്പിച്ചിരുന്ന മത്സരത്തില്‍ ലഖ്നൗ തോറ്റെന്നു കരുതിയ മത്സരത്തിലാണ് ഈഡന് ഗാര്‍ഡന്‍സില്‍ നേരീയ ജയം സ്വന്തമാക്കിയത്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിലായിരുന്നു ആ വിജയം. കൊല്‍ക്കത്തയ്ക്കായി റിങ്കു സിങ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വൈഡുകളെറിഞ്ഞു. എന്നിട്ടും ഒരു റണ്‍സകലത്തില്‍ കളി അടിയറവച്ചു. ഫലം ലഖ്നൗ പ്ലേഓഫിലേക്ക് കുതിച്ചു.
മുംബൈയുടെ പ്ലേഓഫ് പ്രയാണം അതിലും കൗതുകകരമായിരുന്നു. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. വെറുമൊരു ജയം മാത്രം പോരായിരുന്നു മുംബൈയ്ക്ക് അപ്രാപ്യമായ റണ്റേറ്റോടുകൂടിയ വിജയം നേടേണ്ടതുണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മുന്നില്‍ വച്ച 201 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കിയാക്കി ജയിച്ചു. എന്നിട്ടും റണ്‍റേറ്റ് നിരക്ക് മൈനസ് പോയിന്റില്‍ തന്നെ തുടര്‍ന്നു(0.044). ആര്‍സിബി ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ പ്ലേഓഫിലെത്തുമായിരുന്നു. പക്ഷെ 197 റണ്‍സെന്ന വമ്പന്‍ സ്കോര്‍ പടുത്തെങ്കിലും ഗില്ലാട്ടത്തില്‍ ഗുജറാത്ത് ബാംഗ്ലൂരിനെ അനായാസം മറകടന്നു. ബാംഗ്ലൂരിന്റെ തോല്‍വി മുംബൈയ്ക്ക് തുണയായി.
ജയിച്ചത് ലഖ്നൗ മാത്രം
മൂന്ന് തവണയാണ് ലഖ്നൗവും മുംബൈയും ഇതുവരെ ഐപിഎല്ലില്‍ ഏറ്റുമുട്ടിയത്. മൂന്നെണ്ണത്തിലും ലഖ്നൗവും മുംബൈയെ തോല്‍പ്പിച്ചു. കഴിഞ്ഞ സീസണിലെ ലീഗ് റൗണ്ടില്‍ രണ്ട് കളിയും ഇത്തവണ ഒരു കളിയും ഇരുവരും തമ്മില്‍ കളിച്ചു. മൂന്നിലും ജയം ലഖ്നൗവിനൊപ്പം.
വമ്പന്മാരെ തോല്‍പ്പിക്കാനായ ആത്മവിശ്വാസത്തിലാണ് ക്രുണാല്‍ പാണ്ഡ്യയും സംഘവും രോഹിത്തിനും കൂട്ടര്‍ക്കുമെതിരെ ഇറങ്ങുന്നത്. കളിമികവ് നോക്കിയാല്‍ മുംബൈയുടെ ബാറ്റിങ് ലൈനപ്പ് മെച്ചപ്പെട്ട് വരുന്ന കാഴ്ചയാണ് കാണുന്നത്. ഇഷാന് കിഷനും സൂര്യകുമാര്‍ യാദവും ഫോമിലാണ്. നിറംമങ്ങി നിന്ന നായകന് രോഹിത് ശര്‍മ്മ കഴിഞ്ഞ ചില മത്സരങ്ങളോടെ ഫോം വീണ്ടെടുത്തു. നിര്‍ണായകമായ ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തില്‍ കരിയറിലെ ആദ്യ ട്വന്റി20 സെഞ്ച്വറിയുമായി കാമറൂണ്‍ ഗ്രീനും തിളങ്ങി നില്‍ക്കുകയാണ്. ലഖ്നൗ നിരയില്‍ ആര് എപ്പോള്‍ മികവ് കാട്ടുമെന്ന ഉറപ്പില്ല. എന്നാല്‍ ആരുവേണമെങ്കിലും ഫോമിലേക്കെത്താം കളിയെ തങ്ങളുടേതാക്കി മാറ്റാനും സാധിക്കും എന്നതാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: