Categories: Kerala

‘തുള്ളാനായ്’ ഒരു കളരി; വീടിനോട് ചേര്‍ന്ന് കൂത്തമ്പലം നിര്‍മിച്ച് ഓട്ടന്‍തുള്ളല്‍ പരിശീലനം നല്‍കി റിട്ട. എസ്ഐ

തൃശൂര്‍: ഓട്ടന്‍തുള്ളല്‍ കലാരൂപം വരുംതലമുറക്ക് കൂടി തനത് പ്രൗഢിയോടെ അഭ്യസിപ്പിക്കാന്‍ തന്റെ വീടിനോട് ചേര്‍ന്ന് 30 വര്‍ഷത്തോളമായി കൂത്തമ്പലം നിര്‍മിച്ച് പരിശീലനം നല്‍കുകയാണ് റിട്ട. എസ്ഐ മണലൂര്‍ ഗോപിനാഥ്. പോലീസ് ജോലിക്കിടെ ഓട്ടന്‍തുള്ളല്‍ വേദികളില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന്റെ അനുമതി കൂടിയുള്ള കലാകാരനായിരുന്നു ഗോപിനാഥ്. 5 വര്‍ഷം മുമ്പ് വിരമിച്ചപ്പോള്‍ കിട്ടിയ തുക മുഴുവനും ഇദ്ദേഹം ചിലവഴിച്ചത് ഓട്ടന്‍തുള്ളലടക്കമുള്ള കലാരൂപങ്ങള്‍ പഠിക്കാന്‍ വരുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടിയായിരുന്നു.

മണലൂര്‍ സ്വദേശിയായ പൂക്കാട്ട് വീട്ടില്‍ ഗോപിനാഥ് (61) 34 വര്‍ഷത്തെ സേവനത്തിനു ശേഷം എസ്ഐ യായിട്ടാണ് വിരമിക്കുന്നത്. മൂന്ന് പതിറ്റാണ്ടായി ഇദ്ദേഹം ഓട്ടന്‍തുള്ളല്‍ കലാകാരനും കൂടിയാണ്. കലാമണ്ഡലം ഗോപിനാഥ പ്രഭയാണ് ഗുരു. പ്രൊഫഷണല്‍ നാടകങ്ങളിലും കമ്പമുണ്ടായിരുന്നെങ്കിലും ഓട്ടന്‍തുള്ളലില്‍ ശോഭിക്കാനായിരുന്നു ഗോപിനാഥന് നിയോഗം. ഇദ്ദേഹത്തിന്റെ ഓട്ടന്‍തുള്ളലിന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് നല്ല പ്രോത്സാഹനവും കിട്ടി. പുരാണകഥകള്‍ ഓട്ടന്‍തുള്ളലായി അവതരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ അനുമതിയും ഗോപിനാഥന് ഉണ്ടായിരുന്നു.

അയ്യായിരത്തിലധികം വേദികളില്‍ ജോലിക്കിടയിലും ഓട്ടന്‍തുള്ളലുമായി മണലൂര്‍ ഗോപിനാഥ് എത്തി. സ്‌കൂള്‍ കലോത്സവങ്ങളിലും ആയിരങ്ങള്‍ക്ക് തുള്ളല്‍ പരിശീലകനായി. 5 വര്‍ഷം മുമ്പ് പോലീസ് സേനയില്‍ നിന്ന് വിരമിച്ച ഗോപിനാഥ് റിട്ടയര്‍മെന്റ് തുക മുഴുവനായും തുള്ളല്‍ കളരിക്ക് വേണ്ടിയാണ് ചിലവഴിച്ചത്. വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്നുള്ള പരിശീലന കളരിക്കൊപ്പം പുതിയ കൂത്തമ്പലം കെട്ടി ഓട്ടന്‍തുള്ളലിനൊപ്പം കളരിപ്പയറ്റും കഥകളിയും ചെണ്ടവാദ്യവും പരിശീലിപ്പിക്കാന്‍ കേന്ദ്രമൊരുക്കി. 150 കുട്ടികള്‍ക്ക് ഇവിടെ പരിശീലനം നല്‍കിവരുന്നുണ്ട്.

ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിക്കുന്നത് ഗോപിനാഥന്‍ തന്നെയാണ്. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, സാംസ്‌കാരിക വകുപ്പിന്റെ ലക്കിടി കുഞ്ചന്‍ സ്മാരക പുരസ്‌കാരം, ഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാരം, കേരള കലാമണ്ഡലം തുള്ളല്‍ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മണലൂര്‍ ഗോപിനാഥിന്റെ തുള്ളല്‍ കളരി 30 ാം വാര്‍ഷികം ആഘോഷിച്ചു. പത്മശ്രീ രാമചന്ദ്ര പുലവര്‍, ജയരാജ് വാര്യര്‍, ശിവജി ഗുരുവായൂര്‍, മുരളി പെരുനെല്ലി തുടങ്ങിയവര്‍ പങ്കെടുത്തു. ബേബിയാണ് ഗോപിനാഥന്റെ ഭാര്യ. മക്കള്‍ ബബില്‍നാഥ്, ബബിത.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക