ന്യൂദല്‍ഹി: കഫ് സിറപ്പുകൾ കയറ്റുമതി ചെയ്യുന്നതിന് മുമ്പായി സര്‍ക്കാര്‍ ലബോറട്ടറികളില്‍ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന നിർദേശം നൽകി കേന്ദ്രസർക്കാർ. ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകളുടെ കയറ്റുമതി ഇന്ത്യയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ജൂൺ ഒന്നു മുതൽ നിർദേശം പാലിക്കണം.
ഇന്ത്യന്‍ സ്ഥാപനങ്ങള്‍ കയറ്റുമതി ചെയ്യുന്ന കഫ് സിറപ്പുകളുടെ ഗുണനിലവാരം മോശമാണെന്ന് ചൂണ്ടിക്കാട്ടി ആഗോളതലത്തില്‍ നിരോധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ലബോറട്ടറികളില്‍ പരിശോധിച്ച് സര്‍ട്ടിക്കറ്റ് ലഭിച്ച കഫ് സിറപ്പുകള്‍ മാത്രമാണ് ജൂണ്‍ ഒന്നുമുതല്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന് വിദേശ വ്യാപര ഡയറക്ട്രേറ്റ് ജനറല്‍ (ഡിജിഎഫ്ഡി) തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ഡ്രഗ് റെഗുലേറ്ററി ഏജൻസിയായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് ഈ നിർദേശം മുന്നോട്ട് വച്ചത്. സിറപ്പിന്റെ സാമ്പിളുകൾ ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷനിലും കൂടാതെ ചണ്ഡീഗഡ്, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലുള്ള ആറ് സിഡിഎസ്‌സിഒ നെറ്റ്‌വർക്ക് ലാബുകളിലും പരിശോധിക്കാവുന്നതാണ്. ഇവയ്‌ക്ക് പുറമേ നിലവിലെ നിർദ്ദേശം അനുസരിച്ച് സാമ്പിളുകൾ സംസ്ഥാന സർക്കാരിന്റെ NABL- അംഗീകൃത ഡ്രഗ് ടെസ്റ്റിംഗ് ലാബുകളിലും പരിശോധിക്കാവുന്നതാണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: