കോഴിക്കോട്: നഗരമധ്യത്തിൽ യുവ ദമ്പതികളെ ആക്രമിച്ച സംഘത്തിലെ അഞ്ച് പേർ നടക്കാവ് പോലീസിന്റെ കസ്റ്റഡിയിൽ. ഇവരുടെ ഒരു സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കസ്റ്റഡിയിലെടുത്തവരെ തിരിച്ചറിയാൻ നടക്കാവ് പോലീസ് സ്റ്റേഷനിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെത്തി അക്രമികളെ തിരിച്ചറിഞ്ഞ ശേഷമേ പേരുവിവരങ്ങൾ പുറത്തു വിടൂ. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരിങ്ങാടൻ പള്ളി സ്വദേശി അശ്വിനെയും ഭാര്യയെയും അഞ്ചംഗ സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രി 10.15 മണിയോടെ സിനിമ കണ്ട് തിരിച്ചുവരുന്നതിനിടെ ക്രിസ്ത്യൻ കോളജിന് സമീപത്ത് വെച്ചാണ് രണ്ട് ബൈക്കുകളിലെത്തിയ അഞ്ച് പേർ അശ്വിന്റെ ഭാര്യയോട് മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്തതോടെ ദമ്പതികളെ ആക്രമിക്കുകയും ചെയ്തത്.
സംഭവസമയത്ത് നിരവധി ആളുകളുണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാൻ തയ്യാറായില്ലെന്ന് അശ്വിൻ പറഞ്ഞു. പരാതിയുമായി ട്രാഫിക് കൺട്രോൾ റൂമിലെത്തിയ ദമ്പതികളെ നടക്കാവ് സ്റ്റേഷനിലേക്ക് അയച്ചു. രാത്രി തന്നെ നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും ഇന്ന് രാവിലെ മാധ്യമങ്ങൾ വാർത്ത വന്നതോടെയാണ് പോലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: