ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ പേരില്‍ ടീ സ്റ്റാള്‍ തുടങ്ങി ആരാധകര്‍. അരിക്കൊമ്പന്റെ പേരില്‍ നിരവധി സമരങ്ങളടക്കം നടന്ന പൂപ്പാറയിലാണ് കാട് കടത്തപ്പെട്ട ആനയുടെ പേരില്‍ ലഘു ഭക്ഷണശാല തുടങ്ങിയത്. കടയുടെ മുന്നില്‍ തന്നെ ആനയുടെ വലിയ ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൂപ്പാറ സ്വദേശി രഘുവിന്റെ നേതൃത്വത്തിലാണ് ആരാധക കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്.
നാട് വിറപ്പിച്ചവനാണെങ്കിലും അരിക്കൊമ്പന് കേരളത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായത് ലക്ഷക്കണക്കിന് ആരാധകരാണ്. ആന വിഹരിച്ചിരുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ പോലും സ്ത്രീകളും കുട്ടികളും നിരവധി ആരാധകരുണ്ട്. ആന വീട് തകര്‍ത്തവര്‍ പോലും അവസാനമായപ്പോള്‍ അരിക്കൊമ്പനെ കൊണ്ടുപോകരുത് എന്ന നിലപാട് എടുത്തത് വലിയ ചര്‍ച്ചയായിരുന്നു.
വീടുകളും മറ്റും ആക്രമിയ്ക്കാതെ അരിക്കൊമ്പന് നാട്ടില്‍ വിഹരിക്കണമെന്ന് ആഗ്രഹിച്ചവരും നിരവധിയാണ്. ഒറ്റയാനെ ചിന്നക്കനാലില്‍ നിന്ന് മാറ്റിയതോടെ ഓര്‍മ്മയ്ക്കായി ഒരു ടീ സ്റ്റാള്‍ തുടങ്ങാന്‍ രഘുവും കൂട്ടുകാരും തീരുമാനിക്കുകയായിരുന്നു. ജീവ, പ്രദീപ്, അഭിലാഷ്, കാര്‍ത്തിക്, അനസ്, ബാലു, ബിജി, ബാബു എന്നിവരുടെ നേതൃത്വത്തിലാണ് കട ആരംഭിച്ചത്. പൂപ്പാറ ഗാന്ധി നഗറിലെ ദേശീയ പാതയോരത്തുള്ള അരിക്കൊമ്പന് ഫ്രണ്ട്സ് ടീ സ്റ്റാളിലേക്ക് നിരവധി ഉപഭോക്താക്കളും എത്തുന്നുണ്ട്. എത്തുന്നവരെല്ലാം അരിക്കൊമ്പന്റെ വിശേഷങ്ങളും പങ്കുവെച്ചാണ് മടങ്ങുന്നത്.
അതേ സമയം കഴിഞ്ഞമാസം അവസാനം പെരിയാറില്‍ തുറന്നുവിട്ട ആന പിന്നീട് തമിഴ്നാട്ടിലെ മേഘമല കടുവാ സങ്കേതത്തിലേക്ക് പോയിരുന്നു. രണ്ടാഴ്ചയോളം ഇവിടെ തുടര്‍ന്ന ശേഷം വീണ്ടും തിരിച്ച് ഇടുക്കിയിലേക്ക് എത്തി. നിലവില്‍ സാറ്റ്ലൈറ്റ് വഴി ലഭിക്കുന്ന സിഗ്നല്‍ പ്രകാരം മൂന്ന് ദിവസമായി അതിര്‍ത്തി മേഖലയായ മണലാറില്‍ തുടരുകയാണ്. കേരളവും തമിഴ്നാടും ആനയെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: