പത്താംക്ലാസ് പരീക്ഷയില്‍ 99.7 ശതമാനത്തിന്റെ റിക്കാര്‍ഡ് വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. വാരിക്കോരി മാര്‍ക്കു നല്‍കിയതാണ് വിജയശതമാനം കൂടാന്‍ കാരണം എന്നു പറയുന്നത് ജയിച്ചകുട്ടികളെ കളിയാക്കുന്നതിനു തുല്യമാണ്. കുട്ടികളുടെ പഠന നിലവാരം ഏറെ ഉയര്‍ന്നതും പാഠ്യവിഷയങ്ങളുടെ നിലവാരം വളരെ താഴ്ന്നതും വിജയശതമാനം കുതിച്ചുയരാന്‍ കാണമായി എന്നു വിലയിരുത്തിയാല്‍ കുറ്റം പറയാനാവില്ല. ഇത്തവണ 4,17,864 എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹരായിരിക്കുന്നത്. കേരളത്തിലെ സ്‌ക്കൂളുകളില്‍ സിബിഎസ്‌സി സിലബസില്‍ പഠിച്ച 62,978 കുട്ടികളും ഐസിഎസ്ഇ സിലബസില്‍ പഠിച്ച 7519 കുട്ടികളും ഇത്തവണ പത്താംക്ലാസ് പാസായിട്ടുണ്ട്. ഇതെല്ലാം കൂടി ആകുമ്പോള്‍ കേരളത്തില്‍ പഠിച്ച 4,88,387 കുട്ടികള്‍ പ്ലസ്ടു പ്രവേശനത്തതിന് അര്‍ഹത നേടിയിട്ടുണ്ട്. പുറത്ത് പഠിച്ചവരില്‍ പലരും പ്ലസ്ടു പഠനം കേരളത്തിന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. സംസ്ഥാനത്ത് 4,22,910 സീറ്റുകളാണ് പ്ലസ്ടുവിന് ആകെയുളളത്. എഴുപതിനായിരത്തോളം കുട്ടികള്‍ക്കെങ്കിലും ഉറപ്പായും പ്ലസ്ടു പ്രവേശനം മരീചികയാകും.
പ്രവേശനം ലഭിച്ചാല്‍ തന്നെ പ്രതീക്ഷിച്ച വിഷയങ്ങളും സ്‌കൂളുകളും പലര്‍ക്കും കിട്ടാനുളള സാധ്യത കുറവാണ്. രണ്ടു വര്‍ഷംമുന്‍പുവരെ എസ്എസ്എല്‍സി ഫലം നേരത്തെ വരികയും പ്ലസ് വണ്ണിന് അപേക്ഷ സ്വീകരിക്കുകയും ചെയ്ത് അലോട്ട്മെന്റ് നടത്തിയതിനാല്‍ വൈകി ഫലം എത്തുന്ന സിബിഎസ്ഇക്കാര്‍ക്ക് ഉദ്ദേശിക്കുന്ന സീറ്റും സ്‌കൂളും കിട്ടാറില്ലായിരുന്നു. ഇപ്പോള്‍ എസ്എസ്എല്‍സി ഫലം താമസിച്ചു വരുന്നതിനാല്‍ അലോട്ട്മെന്റ് കടുത്ത മത്സരമായി മാറി. 30 ശതമാനം വരെ അധിക സീറ്റുകള്‍ അനുവദിച്ചായിരുന്നു കഴിഞ്ഞതവണ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം സാധ്യമാക്കിയത്. അലോട്ട്മെന്റിലെ അപ്രായോഗികത കാരണം ചില ജില്ലകളിലും ചില സ്‌ക്കൂളുകളിലും സീറ്റൂകള്‍ ഒഴിഞ്ഞുകിടക്കുകയും ചില ജില്ലകളില്‍ സീറ്റ് ക്ഷാമം നേരിടുകയും ചെയ്തു. തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി ബാച്ചുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. സീറ്റ് ക്ഷാമം നേരിടുന്ന നാല് ജില്ലകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കാനായിരുന്നു സമിതിയുടെ ശിപാര്‍ശ. അധിക ബാച്ചില്ലെന്നും കുട്ടികളില്ലാത്ത ബാച്ചുകളുടെ പുനഃക്രമീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ മറുപടി. പുതിയ ബാച്ച് അനുവദിക്കുന്നതിന് സര്‍ക്കാറിന് മുന്നിലുള്ള തടസം സാമ്പത്തിക ബാധ്യതതന്നെയാണ്. 150 ഓളം ബാച്ചുകള്‍ അനുവദിക്കാനുള്ള ശിപാര്‍ശയാണ് സമിതി സമര്‍പ്പിച്ചത്. ബാച്ചുകള്‍ അനുവദിച്ചാല്‍ അധ്യാപക നിയമനവും നടത്തേണ്ടിവരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ പുതിയ ബാച്ച് അനുവദിക്കണമെന്ന ശിപാര്‍ശ കണ്ടില്ലന്നു നടിക്കാനേ സര്‍ക്കാരിനു കഴിയു.
ഉപരി പഠനത്തിന് അര്‍ഹരായ കുട്ടികള്‍ തന്നെ എന്തു പഠിക്കണം എന്നതില്‍ വ്യക്തതയില്ലാത്തവരാണ് എന്നതും ശ്രദ്ധേയമാണ്. ഏതുവിഷയം തിരഞ്ഞെടുക്കണമെന്നുള്ളതാണ് കുട്ടികളുടെ മുന്നിലുള്ള ചോദ്യം. സയന്‍സ് തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതം എന്ന പൊതുബോധം നിമിത്തം കുട്ടികള്‍ താത്പര്യമില്ലെങ്കില്‍ കൂടി സയന്‍സ് എടുക്കുന്നു. ശാസ്ത്രവിഷയങ്ങള്‍ തിരഞ്ഞെടുക്കുന്ന കുട്ടികളില്‍ പലര്‍ക്കും അടിസ്ഥാനപരമായ അറിവുപോലും കാണാറില്ല. ഇതുമൂലം പ്ളസ് വണ്ണില്‍തന്നെ പലരും പരാജയപ്പെടുന്നു. എളുപ്പമെന്ന് കരുതി മാനവിക വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കും കൂട്ടത്തോല്‍വിയാണ് ഉണ്ടാകുന്നത്. ഭാഷാ പ്രയോഗശേഷിയും അഭിരുചിയും മാനവിക വിഷയങ്ങളില്‍ പ്രധാനമാണ്. ഇത് മനസ്സിലാക്കാതെ മാനവിക വിഷയങ്ങള്‍ എടുക്കുമ്പോഴാണ് തോല്‍വി സംഭവിക്കുന്നത്. ഹൈസ്‌കൂള്‍ തലത്തില്‍തന്നെ കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിയുന്നതിനും അവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും സ്ഥിരം സംവിധാനം ഉണ്ടായാല്‍ ഇതിനു പരിഹാരം കാണാനാകും.
വിജയ ശതമാനത്തിന്റെ കുതിപ്പില്‍ ഊറ്റംകൊള്ളുമ്പോള്‍ കഴിഞ്ഞ വര്‍ഷം അധ്യാപക സംഘടന നടത്തിയ പഠനറിപ്പോര്‍ട്ട് കണ്ണുതുറപ്പിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം പ്ളസ് വണ്‍ പ്രവേശനം നേടിയ വലിയൊരുവിഭാഗം കുട്ടികള്‍ക്കും ഇംഗ്ളീഷില്‍ ഒരു പാരഗ്രാഫ് വായിച്ചാല്‍ അതിന്റെ അര്‍ത്ഥം ഗ്രഹിക്കാനാവുന്നില്ലന്നായിരുന്നു പഠന റിപ്പോര്‍ട്ട്. അടിസ്ഥാനഗണിതത്തിലും ഇതുതന്നെയാണ് സ്ഥിതി. ഹയര്‍സെക്കന്‍ഡറിയുടെ രണ്ടുവര്‍ഷക്കാലയളവില്‍ കണക്കിലും ഭാഷാവിഷയങ്ങളിലും അടിസ്ഥാനമുറപ്പിക്കാന്‍ അധ്യാപകര്‍ പണിപ്പെടുന്നുണ്ട്. എന്നാല്‍ അടിസ്ഥാനം ഉറപ്പിച്ചുകഴിയുമ്പോള്‍ വാര്‍ഷിക പരീക്ഷയെത്തുകയും സിലബസിലേക്കുള്ള വലിയൊരു ദൂരം ഓടിയെത്താനാകാത്ത വിദ്യാര്‍ഥികള്‍ തോല്‍ക്കുകയും ചെയ്യുന്നതും പതിവാണ്. പത്താം ക്ലാസിലെ വിജയശതമാനമല്ല പഠനനിലവാരത്തിന്റെ അളവുകോല്‍. തുടര്‍വിജയങ്ങള്‍ നേടാന്‍ ഉപരിപഠനയോഗ്യത നേടിയവരില്‍ എത്രപേര്‍ യോഗ്യരാണ് എന്നതാണ് പ്രധാനം. അവര്‍ക്കാവശ്യമായ സൗകര്യം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: