ഡോ. ഇന്ദു ആര്‍.നായര്‍
നിന്നില്‍നിന്നടര്‍ന്ന് ഒരുപ്രകാശരേണുവായി
ഈ യാത്ര തുടങ്ങിയിട്ട് യുഗങ്ങള്‍ ഏറെയായി
ജലത്തില്‍ തുടിച്ച് പ്രാണവായുവളന്നും
മണ്ണിലിഴഞ്ഞ് പൃഥ്വിതത്ത്വമറിഞ്ഞും
വേരുകള്‍ നീട്ടിജലശ്രോതസ്സിലെത്തിയും
ആര്‍ഷ നിയോഗം പേറും നരജന്മതിലെത്തവെ
അറിഞ്ഞതൊക്കെയും മറന്നേ പോയി ഞാന്‍.
ഗര്‍വ പാദങ്ങള്‍ കൊണ്ട് ഭൂമിയളന്ന്
യന്ത്രവേഗത്താല്‍ ആകാശം താണ്ടി
സമുദ്രനീലത്തില്‍ കളങ്കം കലര്‍ത്തി
നിന്നില്‍ നിന്നേറെ ദൂരമകന്നേ പോയി ഞാന്‍
അജ്ഞാന പുകമറ നീക്കിയ വായുവും
അഹങ്കാര ചവിട്ടാല്‍ താഴാത്ത മണ്ണും
കണ്ണീരുപ്പു കലര്‍ത്താത്ത ജലവും
സ്പര്‍ദ്ധ തന്‍ കനലെരിയാത്ത അഗ്‌നിയും
മനസ്സാകും കുമ്പിളില്‍ പഞ്ച ഭൂതങ്ങളാക്കി
നിന്നിലേക്ക് തിരികെയെത്താന്‍
മഹാ പ്രപഞ്ചമേ ഇനിയുമെത്ര കാതം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: