ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് പറയാനാകില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സംഘം. റിട്ട. ജഡ്ജി എ.എം. സാപ്രെയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ നന്ദന് നിലകേനി, ബാങ്കറായ കെ.വി. കാമത്ത്, ഒ.പി. ഭട്ട്, ജെ.പി. ദേവധാര്‍, സോമശേഖര്‍ സുന്ദരേശന് എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഓഹരി വില കൃത്രിമം കാട്ടി ഉയര്‍ത്തി എന്നതിനും തെളിവില്ലെന്ന് സമിതി കണ്ടെത്തിയിരുന്നു.
ഏതാനും നാളുകളായി ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെക്കുറിച്ച് സെബി അന്വേഷിച്ച് വരുന്നുണ്ട്. എന്തായാലും അദാനിയ്ക്കെതിരെ അന്വേഷണം നടത്തിയതില്‍ സെബി വീഴ്ച വരുത്തിയിട്ടില്ല. – അന്വേഷണ സമിതി പറയുന്നു.
സെബിയ്ക്ക് സമയം നീട്ടി നല്കി സുപ്രീംകോടതി
ഹിൻഡന്‍ബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരായ അന്വേഷണത്തിന് സെബിയ്ക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതി മൂന്ന് മാസം കൂടി നീട്ടിക്കൊടുത്തിരുന്നു. ആഗസ്ത് 14ഓടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സെബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ സെബി അദാനിയ്ക്ക് ചില കാര്യങ്ങളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 51 കമ്പനികള്‍ക്കെതിരെ ഗ്ലോബല്‍ ഡെപ്പോസിറ്ററി റെസീറ്റുകള്‍ (GDR or Global Depository Receipts) ദുരുപയോഗം ചെയ്തെന്ന കേസില്‍ സെബി അന്വേഷണം നടക്കുന്നുണ്ട്. വിദേശ കമ്പനികളുടെ ഓഹരികളെ പ്രതിനിധീകരിക്കുന്ന ഒരു തരം ബാങ്ക് സര്‍ട്ടിഫിക്കറ്റാണ് ഗ്ലോബല്‍ ഡെപ്പോസിറ്ററി റെസീപ്റ്റ്. ഇത് ബാങ്കുകള്‍ നല്കുന്ന, കൈമാറ്റം ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റാണ്. ഈ കമ്പനികളുടെ 2016 മുതലുള്ള വിവരങ്ങള്‍ സെബി അന്വേഷിച്ചുവരുന്നുണ്ട്. എന്നാല്‍ ഈ 51 കമ്പനികളില്‍ അദാനി ഗ്രൂപ്പിന്റെ ഒരു കമ്പനിയും ഉള്‍പ്പെട്ടിട്ടില്ലെന്ന് സെബി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: