ഹിരോഷിമ(ജപ്പാന്): ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ഇന്ന് മുതല്‍ 21 വരെയാണ് ജി ഏഴ് ഉച്ചകോടി. 1974ല്‍ ഇന്ത്യ പൊഖ്റാനില്‍ ആണവ പരീക്ഷണം നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഹിരോഷിമയിലെത്തുന്നത്. 1945ല്‍ അണുബോംബ് ആക്രമണം നേരിട്ട ഹിരോഷിമ സന്ദര്‍ശിച്ച അവസാന ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. 1957 ലായിരുന്നു ഇത്.
ഇന്ത്യയുടെ ജി 20 അധ്യക്ഷപദവി കണക്കിലെടുത്ത് ജി ഏഴ് ഉച്ച കോടിയിലെ തന്റെ സാന്നിധ്യം അര്ത്ഥവത്തായതായിരിക്കുമെന്ന് യാത്ര ആരംഭിക്കുംമുമ്പ് നടത്തിയ പ്രസ്താവനയില്‍ മോദി പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രതലവന്മാരുമായി ഉഭയ കക്ഷിചര്ച്ചകള് നടത്തുമെന്നും മോദി പറഞ്ഞു. ജി ഏഴ് യോഗങ്ങളില്‍ സമാധാനം, സ്ഥിരത, ഭക്ഷണം, വളം, ഊര്‍ജ്ജ സുരക്ഷ എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി സംസാരിക്കും. ഉച്ചകോടിക്കൊപ്പം ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ചയും നടക്കും.
ഹിരോഷിമയില്‍ നിന്ന് 22ന് പാപുവ ന്യൂഗിനിയയില്‍ എത്തുന്ന പ്രധാനമന്ത്രി പോര്‍ട്ട് മോറെസ്ബിയില്‍ നടക്കുന്ന ഇന്ത്യ- പസഫിക് ദ്വീപ് രാജ്യങ്ങളുടെ സഹകരണത്തിനായുള്ള ഉന്നത തലയോഗത്തില്‍ പങ്കെടുക്കും. പാ
പ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജയിംസ് മാരപ്പെ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും. പാപുവ ന്യൂഗിനിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ഈ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം 14 പസഫിക് ദ്വീപ് രാജ്യങ്ങളും സ്വീകരിച്ചതില്‍ നന്ദി രേഖപ്പെടുത്തുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
പാപുവ ന്യൂഗിനിയയില്‍ നിന്ന് ഓസ്ട്രേലിയയിലെത്തുന്ന മോദി 24 വരെ അവിടെ തുടരും. 24ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായി മോദി ചര്‍ച്ചകള്‍ നടത്തും. വ്യവസായപ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 23ന് സിഡ്നിയിലെ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണയോഗത്തിലും മോദി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: