ന്യൂദല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇരുവര്‍ക്കും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലികൊടുത്തു.
ചൊവ്വാഴ്ച കൊളീജിയം നല്കിയ ശിപാര്‍ശയനുസരിച്ച് വ്യാഴാഴ്ച ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരായി കേന്ദ്രസര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം മുഴുവന്‍ അംഗസഖ്യയായ 34 ആയി. ജസ്റ്റിസ് എം.ആര്. ഷാ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് ഇവരുടെ പേരുകള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തത്.
അഭിഭാഷകനില്‍ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയായശേഷം ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്താനുള്ള അവസരവും ഇതോടെ കെ.വി. വിശ്വനാഥന് ലഭിച്ചു. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല 2030 ആഗസ്ത് 11ന് വിരമിക്കുമ്പോഴാണ് കെ.വി. വിശ്വനാഥന് ചീഫ് ജസ്റ്റിസ് പദവിക്ക് സാധ്യതയുള്ളത്. ചീഫ് ജസ്റ്റിസായാല്‍ 2031 മെയ് 25ന് വിരമിക്കുംവരെ ഒമ്പത് മാസം അദ്ദേഹത്തിന് ആ പദവിയിലിരിക്കാം. മുന്‍ ചീഫ് ജസ്റ്റിസുമാരായ എസ്.എം. സിക്രി, ജസ്റ്റിസ് യു.യു. ലളിത് എന്നിവര്‍ അഭിഭാഷകനില്‍ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയായശേഷം ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തിയവരാണ്.
പാലക്കാട് കല്പാത്തി സ്വദേശിയായ കെ.വി. വിശ്വനാഥന് 35 വര്‍ഷമായി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. കോയമ്പത്തൂര്‍ ലോ കോളേജില്‍ നിന്ന് അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് നിയമ ബിരുദമെടുത്ത അദ്ദേഹം 1988ലാണ് തമിഴ്നാട് ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: