കോഴിക്കോട് കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച കുട്ടി കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും കൊണ്ട് ഐപിഎസ് നേടിയ ചരിത്രമാണ് ഐജി പി.വിജയന്‍റേത്. ഔദ്യോഗിക ജീവിതത്തില്‍ ഒട്ടേറെ മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ എല്ലാവരുടെയും കയ്യടി നേടിയ ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തതിന് പിന്നില്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.
പുത്തൂര്‍ മഠത്തില്‍ കൂലിപ്പണിക്കാരനായ പി വേലായുധന്റെ മകനായി ജനിച്ച ഐജി പി.വിജയന്റെ ഐപിഎസിലേക്കുള്ള യാത്ര ഏവർക്കും പ്രചോദനമണ്. പത്താം ക്ലാസിൽ തോറ്റ വിജയൻ പിന്നീട് ചുമടെടുക്കാൻ വരെ പോകേണ്ടി വന്നു. ഇക്കാലത്ത് ഒരു ദിവസം വന്ന പത്രവാർത്തയാണ് വിജയന് പുതിയൊരു വെളിച്ചം ജീവിതത്തില്‍ നല്‍കിയത്. പാവപ്പെട്ട വീട്ടിലെ കുട്ടി ഐഎഎസ് നേടിയ വാര്‍ത്തയായിരുന്നു അത്.ഇന്നത്തെ ചീഫ് സെക്രട്ടറി വി പി ജോയിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത.
പിന്നീട് അധ്യാപകന്റെ സഹായത്തോടെ പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും ജയിച്ചു. അദ്ദേഹം തന്നെ നിര്‍ബന്ധിച്ച് കോളേജിൽ ചേർത്തു. ബിരുദവും ബിരുദാനന്തര ബിരുദവും ഉയര്‍ന്ന നിലയില്‍ വിജയിച്ചു.
ആദ്യത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഐഎഎസും ഐപിഎസും കിട്ടിയില്ല. വീണ്ടും പരീക്ഷയെഴുതി. കിട്ടിയില്ല. അത്തവണ ആർപിഎഫിൽ കിട്ടി. അതിനിടെ കുറച്ചുനാള്‍ കോളജ് അദ്ധ്യാപകനായി. ഇതിനിടെ വീണ്ടും സിവിൽ സർവീസ് എഴുതിയപ്പോള്‍ കിട്ടിയില്ല. പക്ഷെ, നിരാശനാകാതെ അടുത്തതവണ എഴുതിയപ്പോള്‍ ഐപിഎസ് കിട്ടി.
2014 ഇന്ത്യന്‍ ഓഫ് ദ ഇയര്‍ നേടിയ ഉദ്യോഗസ്ഥന്‍, മന്‍കി ബാത്തിലും പുകഴ്‌ത്തല്‍
സിഎന്‍എന്‍ – ഐബിഎന്‍ 2014ലെ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തത് വിജയനെ ആയിരുന്നു. ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയാണ് അന്ന് പുരസ്‌കാരം സമ്മാനിച്ചത്. ഓൺലൈൻ വോട്ടെടുപ്പിൽ ഒന്നാമത് എത്തിയാണ് വിജയൻ പുരസ്‌കരം നേടിയത്. ശബരിമലയിലേക്കുള്ള പുണ്യം പൂങ്കാവനം നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്തില്‍’ ഐജി പി വിജയനെ അഭിനന്ദിച്ചു. സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റും പുണ്യം പൂങ്കാവനവും തുടങ്ങി വിജയന്‍ നടപ്പാക്കിയ പദ്ധതികള്‍ പലതാണ്. വിദ്യാര്‍ഥികളില്‍ നിയമം, അച്ചടക്കം, പൗരബോധം എന്നിവ വളര്‍ത്തി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഒരു ജനാധിപത്യ സമൂഹത്തിന്റെ ഭാവിയെ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വിജയന്റെ ആശയമായിരുന്നു. കുട്ടികളോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം, ഹോപ്പ്, ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് ഇനിഷ്യേറ്റീവ് എന്നിവയും വിജയന്റെ ആശയങ്ങളായിരുന്നു.കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ തെളിയിപ്പിക്കപ്പെട്ട ഷാഡോ പൊലീസിങ് സംവിധാനത്തിന് പിന്നിലും വിജയനായിരുന്നു.
ശത്രുതയ്‌ക്ക് കാരണം രാഷ്‌ട്രീയക്കാര്‍ക്ക് വഴങ്ങാത്തതോ?
പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്‌സ് ആൻഡ് പബ്ലിക്കേഷന്‍സിന്റെ എംഡിയുമായിരുന്ന പി വിജയൻ സിപിഎമ്മിന്റെ താല്‍പര്യം സംരക്ഷിക്കുന്നില്ല എന്ന് ആരോപിച്ച് ഇടതുയൂണിയനുകൾ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിലേക്ക് ക്ഷണം കിട്ടിയതും ചിലരുടെ എതിർപ്പിന് കാരണമായെന്നാണ് വിവരം.
ചില ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യമാണ് സസ്പെൻഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം പടമെടുത്ത് രസിച്ചവർ പോലും യാതൊരു നടപടിക്കും വിധേയരാകാതെ തുടരുമ്പോൾ പി വിജയനെതിരായ നടപടി പകപോക്കലാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.
എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസിലെ പ്രതി ഷാരൂഖ്ഖാനെ കേരളത്തിലേക്ക് കൊണ്ടുവന്ന പൊലീസുകാരുമായി ബന്ധപ്പെട്ടുവെന്ന പേരില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ സസ്പെന്‍റ് ചെയ്ത് ഉത്തരവിറക്കിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: